“നിങ്ങൾക്കു മുന്നിൽ ഒരു പച്ച മനുഷ്യനായി നിൽക്കാൻ ആഗ്രഹിക്കുന്നു ” എന്ന തിലകന്റെ പ്രശസ്ത സിനിമാ ഡയലോഗ് പോലെയായിരുന്നു ഹാരി രാജകുമാരന്റെ ആത്മകഥയായ ‘സ്പെയർ’ എന്ന പുസ്തകം. തുടക്കം തൊട്ട് അവസാനം വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളുമാണ് അതിലേറെയും. തന്റെ സ്വകാര്യ ജീവിതത്തിലെ പല സംഭവങ്ങളും ഹാരി പുസ്തകത്തിൽ തുറന്നു പറഞ്ഞു. അതിൽ ഒന്നായിരുന്നു ഹാരിയുടെ ആദ്യ ലൈംഗികാനുഭവവും.മുതിർന്ന ഒരു സ്ത്രീയുമായിട്ടാണ് തനിക്ക് ആദ്യ ലൈംഗികാനുഭവം ഉണ്ടായത് എന്നായിരുന്നു ഹാരി എഴുതിയിരുന്നത്. ഹാരി പറഞ്ഞത് ശരിവയ്ക്കുകയാണ് സാഷ വാൽപോൾ എന്ന സ്ത്രീ. ഹാരി പറഞ്ഞ ആ മുതിർന്ന സ്ത്രീ താനാണെന്നും 40 വയസുള്ള സാഷ അവകാശപ്പെട്ടു.
ഹാരി പുസ്തകത്തിൽ സാഷയുടെ പേര് പറഞ്ഞിട്ടില്ല. മറിച്ച് മുതിർന്ന ഒരു സ്ത്രീ എന്ന് മാത്രമാണ് പറയുന്നത്. എന്നാൽ, അത് താനാണ് എന്ന് പറഞ്ഞുകൊണ്ട് സാഷ മുന്നോട്ട് വരികയായിരുന്നു. 21 വർഷമായി ഇക്കാര്യം താൻ രഹസ്യമായി കൊണ്ടുനടക്കുകയായിരുന്നു. ഹാരി തന്റെ പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തും എന്ന് ഒരിക്കലും കരുതിയിരുന്നില്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് തന്നോട് അത് പറയാൻ ഹാരിക്ക് ബാധ്യത ഉണ്ടായിരുന്നു. ഹാരി അങ്ങനെ ചെയ്യാതെ എല്ലാം തുറന്നെഴുതിയത് കൊണ്ടാണ് തനിക്കിപ്പോൾ ഇങ്ങനെ ഒരു വെളിപ്പെടുത്തൽ നടത്തേണ്ടി വന്നത്. വാട്ട്സാപ്പിൽ ഒരു സുഹൃത്ത് വഴിയാണ് ആദ്യം വിവരങ്ങൾ പുറത്ത് വിട്ടത് എന്നും സാഷ പറഞ്ഞു.
ഇപ്പോൾ 40 വയസുള്ള സാഷ ഡിഗ്ഗർ ഡ്രൈവറായി ജോലി നോക്കുകയാണ്. കുടുംബമായി കഴിയുന്ന സാഷയ്ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹാരിക്കൊപ്പമുള്ള പഴയ ചിത്രവും സാഷ പുറത്ത് വിട്ടിട്ടുണ്ട്.