ചെന്നൈ: തെന്നിന്ത്യയുടെ നിത്യഹരിത ഗായിക വാണി ജയറാം (77) ഓര്‍മയായി. ചെന്നൈയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരില്‍ 1945 ലാണ് വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
1971 ല്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വാണി ജയറാം പ്രശസ്തയായി. വസന്ത് ദേശായിയുടേതായിരുന്നു ആ ഗാനത്തിന്റെ സംഗീതം. 1974 ല്‍ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷം ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം അവര്‍ സജീവമായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു.
‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ ‘സൗരയൂഥത്തില്‍ വിടര്‍ന്നൊരു..’ എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു. തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെയെല്ലാം ഗാനങ്ങള്‍ക്ക് വാണി ജയറാം ശബ്ദമേകി.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ അവരെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.