ഇന്ന് ഫെബ്രുവരി നാല്, ലോക ക്യാൻസർ ദിനമാണ്. ക്യാൻസർ രോഗത്തെ കുറിച്ച് ആളുകളിൽ വേണ്ടത്ര അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാൻസർ ദിനം ആചരിക്കുന്നത്. പ്രധാനമായും ക്യാൻസർ നിർണയം- പ്രതിരോധം എന്നിവയ്ക്കാണ് നാം മുൻഗണന നൽകേണ്ടത്. ഇന്ന് ലോകത്താകമാനം തന്നെ ക്യാൻസർ രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. മോശം ജീവിതശൈലികളാണ് ഇതിന് വലിയ കാരണമാകുന്നതെന്നാണ് ഡോക്ടർമാരടക്കമുള്ള ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ ക്യാൻസറിനെ അകറ്റിനിർത്തണമെങ്കിൽ ജീവതശൈലികൾ മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.
ജോലിയുടെ സ്വഭാവം, ജോലിയിൽ നിന്നുള്ള മാനസികസമ്മർദ്ദം, മറ്റ് മാനസികസമ്മർദ്ദങ്ങൾ, വിഷപദാർത്ഥങ്ങൾ കൂടുതലായി ഭക്ഷണത്തിലൂടെയും മറ്റും അകത്തെത്തുന്നത്, മോശം ഡയറ്റ്, വ്യായാമമില്ലായ്മ, ഉറക്കമില്ലായ്മ എന്നീ ഘടകങ്ങളെല്ലാം ക്യാൻസർ ബാധിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നവയാണ്. ഇത്തരത്തിലുള്ള കാര്യങ്ങളിൽ കരുതലെടുക്കുന്നതിലൂടെ ഒരളവ് വരെ നമുക്ക് ക്യാൻസർ രോഗത്തെ ചെറുക്കാം. ആദ്യമായി ക്യാൻസർ പ്രതിരോധത്തിനായി ജീവിതത്തിൽ നിന്നൊഴിവാക്കേണ്ട ചിലതിനെ കുറിച്ചറിയാം…
- മോശം ഭക്ഷണശീലം
- മദ്യം
- പുകവലി
- അധികം വെയിലേൽക്കുന്നത്
- അമിതവണ്ണം
- സുരക്ഷിതമല്ലാത്ത സെക്സ്
ഭക്ഷണകാര്യത്തിൽ വലിയ ശ്രദ്ധ തന്നെ പുലർത്തേണ്ടതുണ്ട്.കാരണം പല ക്യാൻസറുകളും ഇതിൻറെ അനുബന്ധമായി പിടിപെടാം. ധാരാളം പച്ചക്കറികളും പഴങ്ങളും ഡയറ്റിലുൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ധാന്യങ്ങൾ, ഫൈബർ, ആരോഗ്യകരമായ പ്രോട്ടീൻ എന്നിവയും ഡയറ്റിലുൾപ്പെടുത്തുക. മദ്യമൊഴിവാക്കിയാൽ തന്നെ ഏഴ് തരം ക്യാൻസറുകളുടെ സാധ്യത നമുക്ക് നീക്കിവയ്ക്കാൻ സാധിക്കും. അമിതവണ്ണവും ഇതിനോട് ചുറ്റിപ്പറ്റി വരുന്ന ആരോഗ്യപ്രശ്നങ്ങളുമാണ് ക്യാൻസറിലേക്ക് വലിയൊരു വിഭാഗം പേരെയും ഇപ്പോൾ നയിക്കുന്നത്. ഈ ഘടകങ്ങൾ ഏതെല്ലാം ക്യാൻസറുകളിലേക്കാണ് സാധ്യത തുറക്കുന്നതെന്ന് നോക്കൂ…
- വൃക്കയെ ബാധിക്കുന്ന ക്യാൻസർ
- ഗർഭാശയ ക്യാൻസർ
- മലാശയ ക്യാൻസർ
- പിത്താശയ ക്യാൻസർ
- മൾട്ടിപ്പിൾ മൈലോമ
- പാൻക്രിയാസ് ക്യാൻസർ
- മലദ്വാരത്തിലെ ക്യാൻസർ