KeralaNEWS

തലപ്പൊക്കത്തിൽ മാത്രമല്ല ഇനി ഏക്കത്തുകയിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുമ്പിൽ; ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ പ്രതിഫലം 6.75 ലക്ഷം !

തൃശൂർ: തലപ്പൊക്കത്തിലും ആരാധകരുടെ എണ്ണത്തിലും മലയാളക്കരയിൽ ഇന്ന് മറ്റേതൊരു നാട്ടാനയെക്കാളും ഒരുപടി മുമ്പിലാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ. ഇപ്പോഴിതാ ഉത്സവത്തിൽ പങ്കെടുക്കാനുള്ള ഏക്കത്തുകയുടെ കാര്യത്തിലും രാമന് റെക്കോഡ് ! ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപയാണ് ഏക്കത്തുക. പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് തെച്ചിക്കൊട്ടുകാവ് രാമചന്ദ്രന് ലഭിച്ചത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനോടുള്ള ഇഷ്ടം കൊണ്ടാണ് ഇത്രയും തുക മുടക്കുന്നതെന്ന് പുഞ്ചിരി പൂരഘോഷ കമ്മറ്റി അംഗങ്ങൾ പറയുന്നു. കേരളത്തിൽ ആനകൾക്ക് പരമാവധി രണ്ടര ലക്ഷം രൂപ വരെയാണ് ഏക്കത്തുക ലഭിച്ചിട്ടുള്ളത്. 27ന് ഉച്ചകഴിഞ്ഞ് 3ന് എഴുന്നള്ളിപ്പിൽ തിടമ്പാനയുടെ വലതു ഭാഗത്ത് രാമചന്ദ്രനെ നിർത്തും. രാത്രി 8.30നു രാമചന്ദ്രന്‍ തിരിച്ചുപോകും. 46 കമ്മിറ്റികളാണ് ഏക്കത്തില്‍ പങ്കെടുത്തത്.

2019 ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച കൊമ്പൻ രാമചന്ദ്രൻ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടുകയും രണ്ട് പേരെ കൊലപ്പെടുത്തിയതിന് പിന്നാലെ ആനയ്ക്ക് വിലക്കും ഏർപ്പെടുത്തിയിരുന്നു. പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്‍റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുവദിക്കണമെന്നാണ് പൂരേ പ്രേമികളുടെ ആവശ്യം.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: