NEWSSocial Media

സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു, മുഖത്തടിച്ചു, താടിയെല്ല് തകര്‍ത്തു; നിര്‍മാതാവിന്റെ പീഡനങ്ങള്‍ വെളിപ്പെടുത്തി നടി ഫ്ളോറ സൈനി

മുംബൈ: നിര്‍മാതാവ് ഗൗരംഗ് ദോഷിയില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയ ബോളിവുഡ് നടിയാണ് ഫ്ളോറ സൈനി. നാല് വര്‍ഷം മുമ്പ് മീടുവിന്റെ ഭാഗമായാണ് ഫ്ളോറ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഗൗരംഗ് ദോഷിയുമായി ബന്ധമുണ്ടായിരുന്ന കാലത്ത് നേരിടേണ്ടി വന്ന പീഡനങ്ങളേയും അയാളുടെ വധഭീഷണിയേയുമെല്ലാം കുറിച്ചാണ് ഫ്ളോറ തുറന്നുപറഞ്ഞിരുന്നത്. ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഫ്ളോറ രംഗത്തെത്തിയിരിക്കുകയാണ്.

ശ്രദ്ധ വാള്‍ക്കര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതുമായ സംഭവത്തെയാണ് ഫ്ളോറ തന്റെ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തുന്നത്. തന്റെ സ്വകാര്യ ഭാഗങ്ങളില്‍ ഗൗരംഗ് ദോഷി മര്‍ദ്ദിച്ചിരുന്നുവെന്നാണ് ഫ്ളോറയുടെ വെളിപ്പെടുത്തല്‍. ഹ്യൂമാന്‍സ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് നടി ദുരനുഭവങ്ങള്‍ വിവരിച്ചത്.

”ഗൗരംഗ് ദോഷിയുമായുള്ള ബന്ധം തുടങ്ങി കുറച്ച് നാളുകള്‍ക്കുള്ളില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നു. മറ്റാരുമായി സംസാരിക്കാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. അന്ന് ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ പ്രശസ്തനായ നിര്‍മാതാവും. എന്നാല്‍, കാര്യങ്ങള്‍ മാറിമറിഞ്ഞു. അയാള്‍ എന്റെ മുഖത്തും സ്വകാര്യ ഭാഗങ്ങളിലും മര്‍ദ്ദിച്ചു. എന്റെ ഫോണ്‍ കൈവശപ്പെടുത്തി. എന്നെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല. 14 മാസത്തോളം എനിക്ക് മറ്റാരുമായും സംസാരിക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു ദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വയറ്റില്‍ ഇടിച്ചു. അന്ന് ഞാന്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് അച്ഛനും അമ്മയ്ക്കും ഒപ്പമാണ് കഴിഞ്ഞത്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരുപാട് ദിവസങ്ങളെടുത്തു. ഇന്ന് ഞാന്‍ സന്തോഷവതിയാണ്. ഇപ്പോള്‍ എനിക്ക് പുതിയൊരു പ്രണയവുമുണ്ട്.”- ഫ്ളോറ പറയുന്നു.

‘സ്ത്രീ’, ‘ബീഗം ജാന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് ഫ്ളോറ സൈനി. നേരത്തെ വാലന്റൈന്‍സ് ഡേയില്‍ ദോഷി തന്നെ മര്‍ദ്ദിച്ചുവെന്നും താടിയെല്ല് തകര്‍ത്തുവെന്നും സൈനി ആരോപിച്ചിരുന്നു. ആ സമയത്ത് തന്നെ പിന്തുണയ്ക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍, തന്നെ മനസ്സിലാക്കിയ നടി ഐശ്വര്യ റായ്, ദോഷിയുടെ സിനിമയില്‍ നിന്ന് പിന്മാറിയെന്നും സൈനി പറഞ്ഞിരുന്നു. അന്ന് മര്‍ദ്ദനമേറ്റ സമയത്തെ ചിത്രവും അവര്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Back to top button
error: