ബംഗളുരു: റുപേ പ്രൈം വോളിബോള്‍ ലീഗിന്റെ രണ്ടാം പതിപ്പിന് ഇന്ന് ബംഗളുരുവില്‍ തുടക്കം. വൈകിട്ട് ഏഴിനു കോരമംഗല ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട് ആതിഥേയരായ ബംഗളുരു ടോര്‍പ്പിഡോസിനെ നേരിടും. മൂന്നു നഗരങ്ങളിലായി നടക്കുന്ന ലീഗില്‍ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കാലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണു മറ്റു ടീമുകള്‍.
വെനസ്വേലന്‍ ഒളിമ്പ്യന്‍ ജോസ് വെര്‍ഡി, പെറു നാഷണല്‍ ടീം ക്യാപ്റ്റന്‍ എഡ്വാര്‍ഡോ റോമെയ്, ഓസ്‌ട്രേലിയന്‍ ദേശീയ ടീം താരം ട്രെന്റ് ഒഡിയ എന്നീ താരങ്ങളുടെ സാന്നിധ്യവും ആരാധകരുടെ ആവേശം കൂട്ടും. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നീ മൂന്ന് നഗരങ്ങളിലായാണ് ഇത്തവണ ബേസ്‌ലൈന്‍ വെഞ്ചേഴ്‌സ് പ്രത്യേകമായി പ്രമോട്ട് ചെയ്യുന്ന റുപേ ്രൈപം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ എ23 മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് അഞ്ചിനു കൊച്ചിയിലാണ് ഫൈനല്‍. സോണി സ്‌പോര്‍ട്‌സ് ടെന്‍ 1 (ഇംഗ്ലീഷ്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 3 (ഹിന്ദി), സോണി സ്‌പോര്‍ട്‌സ് ടെന്‍ 4 (തമിഴ്, തെലുങ്ക്), സോണി സ്‌പോര്‍ട്‌സ് ടെന്‍ 2 (മലയാളം) എന്നീ ചാനലുകളില്‍ റുപേ പ്രൈം വോളി ലീഗ് മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.