KeralaNEWS

അരിക്കൊമ്പനെയും പടയപ്പയെയും തുരത്താൻ വയനാട്ടില്‍ നിന്നുള്ള ദ്രുതകര്‍മസേന ഇന്ന് ഇടുക്കിയിലെത്തും

തൊടുപുഴ: രൂക്ഷമായ കാട്ടാന ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള ദ്രുതകര്‍മസേനയിലെ വിദഗ്ധ സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തില്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ, പൂപ്പാറമേഖലകളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. കാട്ടാന ശല്യം അതിരൂക്ഷമായ ചിന്നക്കനാല്‍ ശാന്തന്‍പാറ മേഖലകളില്‍ ദ്രുതകര്‍മ സേനയിലെ വിദഗ്ധരുടെ സേവനം ആശ്വസകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. അതേസമയം, ചിന്നക്കനാല്‍ ബി.എല്‍ റാമില്‍ വീണ്ടും 2 വീടുകള്‍ ഒറ്റയാന്‍ തകര്‍ത്തു. അരികൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് മണി ചെട്ടിയാര്‍, മുരുകന്‍ എന്നിവരുടെ വീടുകള്‍ ഇന്നലെ പുലര്‍ച്ചെ 1.30 ന് തകര്‍ത്തത്. ഇരു വീടുകളിലും മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളാണ് താമസിച്ചിരുന്നത്. മണി ചെട്ടിയാരുടെ വീട്ടില്‍ ഒരു കുടുംബത്തിലെ 2 കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഉണ്ടായിരുന്നത്. അരികൊമ്പന്‍ വീടിന്റെ ഭിത്തി തള്ളി താഴെയിട്ടതോടെ പിന്‍ വാതിലിലൂടെ ഇവര്‍ കുട്ടികളെയുമെടുത്ത് പുറത്തേക്ക് ഓടി.

സമീപത്തു തന്നെയുള്ള മുരുകന്റെ വീട്ടില്‍ 3 കുട്ടികളുള്‍പ്പെടെ 7 അംഗ അതിഥി തൊഴിലാളി കുടുംബമാണ് താമസിച്ചിരുന്നത്. ഒറ്റയാന്‍ ഈ വീടിന്റെ ഒരു ഭിത്തിയും തകര്‍ത്തു. വീടിനകത്തുണ്ടായിരുന്നവര്‍ വാതില്‍ തുറന്ന് പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒറ്റയാന്‍ വീടുകള്‍ ആക്രമിച്ച വിവരം പ്രദേശവാസിയായ പ്രഭു മണി പഞ്ചായത്തംഗം രമേഷ് മൂക്കനെ ഫോണില്‍ വിളിച്ച് അറിയിച്ചു. രമേഷ് ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി 2 വീടുകളിലുമുള്ള താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബിഎല്‍ റാം ചൊവ്വേലിക്കുടി ഭാഗത്തുള്ള ഈ സ്ഥലത്തേക്ക് ഫോര്‍ വീല്‍ വാഹനങ്ങള്‍ക്ക് മാത്രമേ പോകാന്‍ കഴിയൂ.

Back to top button
error: