ചൂടുചായയ്ക്കൊപ്പം കഴിക്കുന്ന പല ഭക്ഷണങ്ങളും ശരീരത്തിന് ദോഷം, അവ ഏതൊക്കെ എന്നറിയുക
ചായയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും ആരോഗ്യത്തിന് ദോഷകരമാണ്. ഇരുമ്പ് ധാരാളമടങ്ങിയ ഭക്ഷണങ്ങള്‍, അതായത് ഇലക്കറികള്‍, ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, സെറീയല്‍സ് ഇവ ചൂടു ചായയ്ക്കൊപ്പം കഴിക്കാന്‍ പാടില്ല.
ചായയില്‍ ടാനിനുകളും ഓക്സലേറ്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് ഈ ഭക്ഷണങ്ങളില്‍ നിന്ന് ഇരുമ്പിനെ ശരീരം ആഗിരണം ചെയ്യുന്നതു തടയുന്നു. നാരങ്ങയില്‍ വിറ്റമിന്‍ സി ധാരാളമുണ്ട്. എന്നാല്‍ പാല്‍ച്ചായയോടൊപ്പം നാരങ്ങ ചേരുന്നത് നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ് ലെമണ്‍ ടീ. എന്നാല്‍ തേയില നാരങ്ങയുടെ ഒപ്പം നേരിട്ട് ചേരുന്നത് അസിഡിറ്റിക്കും ആസിഡ് റിഫ്ലക്സിനും കാരണമാകും. അസിഡിറ്റി ഉള്ള ആളാണെങ്കില്‍ അതിരാവിലെ ലെമണ്‍ടീ കുടിക്കരുത്.
ചായയുടെ ഒപ്പം കഴിക്കുന്ന പക്കോഡ, ഉള്ളിബജി, മറ്റ് ബജികള്‍ ഇവയെല്ലാം ഏറെ രുചികരമായ ലഘുഭക്ഷണങ്ങളാണ്. എന്നാല്‍ മിക്ക ലഘുഭക്ഷണങ്ങളും കടലമാവ് ചേര്‍ത്താണ് ഉണ്ടാക്കുന്നത്. ചായയും കടലമാവും ചേര്‍ച്ചയില്ലാത്ത രണ്ട് ഭക്ഷണപദാര്‍ഥങ്ങളാണ്. രക്തത്തിലേക്ക് പോഷകങ്ങളെ ആഗിരണം ചെയ്യുന്നതില്‍ നിന്ന് കടലമാവ് തടയുന്നു. വയറുവേദനയ്ക്കും മലബന്ധത്തിനും ഇത് കാരണമാകുകയും ചെയ്യും.
ചായയ്ക്കൊപ്പം ഐസ്‌ക്രീം പോലുള്ള തണുത്ത വസ്തുക്കള്‍ കഴിക്കാനേ പാടില്ല. വ്യത്യസ്ത താപനിലയിലുള്ള വസ്തുക്കള്‍ കഴിക്കുന്നത് ദഹനക്കേട് ഉണ്ടാക്കും. ഓക്കാനം വരുത്തും. ചൂടുചായ കുടിച്ച് 30 മുതല്‍ 45 മിനിറ്റ് കഴിയാതെ തണുത്തതൊന്നും കഴിക്കരുത്. അതുപോലെ ചായയ്ക്കൊപ്പം മഞ്ഞള്‍ ചേരുന്നത് അപകടകരമാണ്. മഞ്ഞളിലടങ്ങിയ സംയുക്തങ്ങള്‍ ഉദരപാളിയില്‍ അസ്വസ്ഥത ഉണ്ടാക്കും. ഇതുമൂലം ദഹനക്കേട്, നെഞ്ചെരിച്ചില്‍ ഇവയുണ്ടാകും. ചായയ്ക്കൊപ്പം നട്സ് കഴിക്കുന്നത് ഒട്ടും നല്ലതല്ല. വറുത്ത നിലക്കടല, കശുവണ്ടി, പിസ്ത ഇവയൊന്നും ചായയ്ക്കൊപ്പം കഴിക്കരുത്. നട്സില്‍ ഇരുമ്പും അടങ്ങിയിട്ടുണ്ട്. ഇതും ചായയോടും പാലിനോടും ചേരില്ല.