അംബിക അവതരിപ്പിച്ച ദു:ഖപുത്രി ‘സുബൈദ’യ്ക്ക് 58 വയസ്സ്
സിനിമ ഓർമ്മ
പഴയകാല നടി അംബിക അവതരിപ്പിച്ച ദുഃഖപുത്രി ‘സുബൈദ’യ്ക്ക് 58 വയസ്സ്. 1965 ഫെബ്രുവരി 3നാണ് എം.എസ് മണി സംവിധാനം ചെയ്‌ത ഈ സ്ത്രീകേന്ദ്രീകൃത ചിത്രം റിലീസ് ചെയ്‌തത്. നായകസങ്കൽപം കൊടികുത്തി വാണിരുന്ന കാലത്ത് അതിനെ തച്ചുടയ്ക്കുന്ന കഥാവിഷ്ക്കാരമായിരുന്നു ‘സുബൈദ’. ബാബുരാജ് സംഗീതം നൽകി ആലപിച്ച ‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്’, എൽ ആർ ഈശ്വരിയും സഹോദരി എൽ ആർ അഞ്ജലിയും ചേർന്ന് പാടിയ ‘ഒരു കുടുക്ക പൊന്നു തരാം’ (രചന: പി ഭാസ്‌ക്കരൻ) അടക്കം ഹിറ്റ് ഗാനങ്ങളുണ്ടായിരുന്നു ഈ ചിത്രത്തിൽ. പ്രേംനസീറിന്റെ സഹോദരൻ പ്രേംനവാസ്, മധു, നിലമ്പൂർ ആയിഷ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ: എം ഹുസൈൻ.
ദുർവിധികൾ ഒന്നൊന്നായി നേരിടേണ്ടി വന്ന സുബൈദയാണ് ചിത്രത്തിലെ കേന്ദ്രബിന്ദു. ജനിച്ചയുടനെ പിതാവ് മരിച്ചു. ദുർവിധിയുടെ കൈക്കുമ്പിൾ കൊണ്ട് ദുഖത്തിന്റെ കണ്ണുനീർ കോരിക്കുടിക്കേണ്ടി വന്ന ഹതഭാഗ്യ. വളർന്നപ്പോൾ ബന്ധുവായ ഡോക്ടർ അഹമ്മദ് അവളെ വിവാഹം കഴിച്ചു. അവിടെയും വിധി അവളെ തോൽപ്പിച്ചു. വിവാഹദിവസം തന്നെ അപകടത്തിൽപ്പെട്ട ഭർത്താവ് പിറ്റേന്ന് മരിക്കുകയാണ്. അതിനിടയിൽ ആദ്യരാത്രിയിൽ അവർ ഒരുമിച്ചത് ആരറിയാൻ…? സുബൈദ ഗർഭിണിയായതോടെ സമൂഹം അവളെ പിഴച്ചവളായി മുദ്രകുത്തി. വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ട അവൾ, കുഞ്ഞിനെ ഭർത്താവിന്റെ ശവകുടീരത്തിൽ ഉപേക്ഷിച്ചു. കുഞ്ഞിനെ ദത്തെടുത്തവരുടെ വീട്ടിൽ വേലക്കാരിയായി ജോലി ചെയ്യാനായിരുന്നു സുബൈദയുടെ വിധി. ആ കുഞ്ഞ് വളർന്ന് വിവാഹപ്രായമായപ്പോഴും പിതൃത്വം പ്രശ്‌നമായി. പിന്നെ, സത്യമെല്ലാം അറിയാവുന്ന ഒരു കഥാപാത്രം ഉണ്ടാവുമല്ലോ. അയാളുടെ ഇടപെടലിൽ സുബൈദയുടെ നിരപരാധിത്വം തെളിയുന്നതോടെ കാര്യങ്ങൾ ശുഭം.
‘പുതിയ ആകാശം പുതിയ ഭൂമി’, ‘ഡോക്ടർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം എം എസ് മണി സംവിധാനം ചെയ്‌ത ചിത്രമാണ് ‘സുബൈദ.’
സമ്പാദകൻ: സുനിൽ കെ ചെറിയാൻ