
കൊല്ലം: ഓച്ചിറ വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥനയ്ക്കിടെ പാസ്റ്ററെ
ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയിലായി. കടത്തൂര്‍ പുല്ലംപ്ലാവില്‍ കിഴക്കതില്‍ അക്ഷയനാഥ് (23), കടത്തൂര്‍ ഹരിഭവനത്തില്‍ ഹരിപ്രസാദ് (35), കടത്തൂര്‍ ദേവിവിലാസത്തില്‍ നന്ദു (22) എന്നിവരെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.
ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. കരുനാഗപ്പള്ളി വവ്വാക്കാവിനു പടിഞ്ഞാറുവശത്തെ പൈങ്കിളി കാഷ്യൂ ഫാക്ടറിയുടെ വളപ്പിനുള്ളിലെ കെട്ടിടത്തില്‍ ഒരുമാസമായി പാസ്റ്റര്‍ റെജി പാപ്പച്ചന്റെ നേതൃത്വത്തില്‍ പെന്തക്കോസ്ത് സഭയുടെ പ്രാര്‍ഥന നടന്നുവരികയായിരുന്നു. പൈങ്കിളി കാഷ്യൂ ഉടമ ജയചന്ദ്രന്റെ പ്രത്യേക താത്പര്യപ്രകാരമാണ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രാര്‍ഥന നടന്നത്. ഇതില്‍ എതിര്‍പ്പുള്ള പ്രതികള്‍ മതില്‍ ചാടിക്കടന്ന് ഫാക്ടറിക്കുള്ളില്‍ കയറി പാസ്റ്ററെയും ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദിച്ച് അവശരാക്കി.
അക്രമത്തിലും ഗൂഢാലോചനയിലും പങ്കെടുത്ത മുഴുവന്‍പേരെയും തിരിച്ചറിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.