IndiaNEWS

യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണതിന് കാരണം ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് സൂചന, ഫ്‌ളൈറ്റ് റെക്കാഡുകള്‍ പരിശോധിക്കും

ഭോപ്പാല്‍: വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണതിന് കാരണം വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ തട്ടിയതാണെന്ന് സൂചന. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

വിമാനങ്ങള്‍ക്ക് സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നതടക്കം പരിശോധിക്കും. ഫ്‌ളൈറ്റ് ഡേറ്റാ റെക്കാഡുകള്‍ പരിശോധിക്കുന്നതിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാകും. അപകടത്തില്‍ രണ്ട് വിമാനങ്ങളും പൂര്‍ണമായി തകര്‍ന്നിരുന്നു.

Signature-ad

അപകടത്തില്‍ മിറാഷിന്റെ പൈലറ്റ് മരണപ്പെട്ടിരുന്നു. സുഖോയില്‍ രണ്ടും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് പൈലറ്റുമാര്‍ പാരച്യൂട്ടിന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഇവരെ വ്യോമസേനാ ഹെലികോപ്റ്ററെത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

മദ്ധ്യപ്രദേശിലെ ഗ്വാളിയര്‍ വ്യോമതാവളത്തില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ഒരു വിമാനം മദ്ധ്യപ്രദേശിലെ മൊറേനയിലും മറ്റേത് നൂറ് കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പൂരിലുമാണ് വീണത്.

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തുകയും പരിക്കേറ്റ പൈലറ്റുമാരുടെ ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സംയുക്ത സേനാ മേധാവി അനില്‍ ചൗഹാനുമായും വ്യോമസേനാ മേധാവി വി ആര്‍ ചൗധരിയുമായും അദ്ദേഹം സംസാരിച്ചു. അന്വേഷണത്തിനു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയൂവെന്ന് വ്യോമസേന വ്യക്തമാക്കി.

Back to top button
error: