KeralaNEWS

ഇ.ഡിക്ക് പരാതി നല്‍കിയതിന് പിന്നില്‍ ജി. സുധാകരന്‍ ഉള്‍പ്പെടെയുള്ളവരെന്ന് പരാതി; ആലപ്പുഴ സി.പിഎമ്മില്‍ പുതിയ പോര്‍മുഖം തുറന്ന് ലഹരിക്കടത്ത്

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്തുമായി ബന്ധപ്പെട്ട് സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ ആരോപണ വിധേയനായ നഗരസഭ കൗണ്‍സിലര്‍ രംഗത്ത്. സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുവെന്നാണ് കൗണ്‍സിലര്‍ എ ഷാനവാസ് ഏരിയാ കമ്മിറ്റിയ്ക്ക് കത്തു നല്‍കിയത്. ആലപ്പുഴ നോര്‍ത്ത് ഏരിയാ കമ്മിറ്റിക്കാണ് കത്തു നല്‍കിയിട്ടുള്ളത്.

മുന്‍ മന്ത്രി ജി സുധാകരന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍, എം.എല്‍.എ പി.പി ചിത്തരഞ്ജന്‍ എന്നിവരുടെ പേര് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. തനിക്കെതിരേ പൊലീസിനും ഇ.ഡിക്കും പരാതി നല്‍കിയത് ഇവരുടെ പ്രേരണയാല്‍ ആണെന്നും കത്തില്‍ ആരോപിക്കുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ തനിക്കെതിരെ നീക്കം നടക്കുന്നുവെന്നും കത്തില്‍ പറയുന്നു.

ഷാനവാസ് നല്‍കിയ കത്തും മറ്റു പരാതികളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും നല്‍കാന്‍ നോര്‍ത്ത് ഏരിയാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ഷാനവാസിനെതിരായ ആരോപണം പാര്‍ട്ടി അന്വേഷണക്കമ്മിഷന്‍ അന്വേഷിച്ചുകൊണ്ടിരിക്കെ, സി.പി.എം നേതാവ് പോലീസ്, ഇഡി, ജിഎസ്ടി വകുപ്പ് തുടങ്ങിയവയ്ക്ക് പരാതി നല്‍കിയത് ശരിയായില്ലെന്നും ഏരിയാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം.

കരുനാഗപ്പള്ളിയില്‍ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്നും ഒരു കോടിയിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ലഹരി വസ്തുക്കളാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ ഷാനവാസിനെ സി.പി.എം അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഫോണില്‍ നിന്നും പാര്‍ട്ടി വനിതാ അംഗങ്ങളുടെ അടക്കം നഗ്‌നദൃശ്യങ്ങള്‍ പിടിച്ചതിന് പിന്നാലെയാണ്, ആലപ്പുഴ ജില്ലയിലെ സി.പി.എമ്മിനെ വെട്ടിലാക്കിയ ലഹരിക്കടത്തും പിടികൂടുന്നത്.

 

Back to top button
error: