KeralaNEWS

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: എസ്ഡിപിഐയുടെ പ്രവര്‍ത്തകർക്കു ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് ദേശീയ പ്രസിഡന്റ്

കൊച്ചി: എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് പാർട്ടി ദേശീയ പ്രസിഡന്റിന്റെ പ്രഖ്യാപനം. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നാണ്. കൊച്ചിയില്‍ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തില്‍, പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി വ്യക്തമാക്കിയത്.

‘ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവര്‍ത്തകര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കില്‍ ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരില്‍ ഒരാളും വഴിയാധാരമാകില്ല”- എം കെ ഫൈസി പറഞ്ഞു. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകള്‍ കണ്ടുകെട്ടിയതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ തുടരുന്നതിനിടെയാണ്, പിഎഫ്‌ഐ നേതാക്കള്‍ക്ക് പിന്തുണയുമായി എസ്ഡിപിഐ രംഗത്തെത്തിയിട്ടുള്ളത്.

Signature-ad

പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലെ അക്രമസംഭവങ്ങളിലുണ്ടായ 5.20 കോടി രൂപയുടെ നഷ്ടം ഈടാക്കാൻ വിവിധ ജില്ലകളിലായി സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്ത് ജപ്തി ചെയ്തതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ആകെ 209 പേരുടെ 248 സ്വത്തുക്കൾ ജപ്തി​ ചെയ്തതായാണ്​ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡി. സരിത നൽകിയ റിപ്പോർട്ടിലുള്ളത്​. ​മലപ്പുറം ജില്ലയിൽനിന്നാണ്​ ഏറ്റവുമധികം സ്വത്ത്​ ജപ്തി ചെയ്തത്.

ഏറ്റെടുത്ത ഭൂമിയുടെയും സ്വത്തിന്റെയും ജില്ല തിരിച്ചുള്ള കണക്കാണ് സർക്കാർ സമർപ്പിച്ചത്. ഇവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ട് ഭാരവാഹികളല്ലെന്നും തെറ്റായാണ് തങ്ങളുടെ വസ്​തുക്കൾ​​ ജപ്തി ചെയ്തതെന്നും ആരോപിച്ച് പരാതി നൽകിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽനിന്നുള്ളവരാണ് ഇതിൽ കൂടുതലെന്നും പരാതിയുടെ സത്യാവസ്ഥ പരിഗണിച്ച്​ നടപടിയെടുക്കുമെന്നും ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.

Back to top button
error: