IndiaNEWS

ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരായ മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരായ മുൻ എം.പി. മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എന്‍സിപി നേതാവും മുന്‍ എംപിയുമായ മുഹമ്മദ് ഫൈസല്‍ ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ കവരത്തി കോടതി മുഹമ്മദ് ഫൈസലിനെയും മറ്റു മൂന്നുപേരെയും 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലോക്‌സഭ സെക്രട്ടേറിയറ്റ് മുഹമ്മദ് ഫൈസലിന്റെ എംപി സ്ഥാനം റദ്ദാക്കി. ഇതിനു പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെബ്രുവരിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചത്.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധിയും, ശിക്ഷയും കേരള ഹൈക്കോടതി മരവിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുഹമ്മദ് ഫൈസലും കൂട്ടുപ്രതികളും ജയില്‍മോചിതരാകുകയും ചെയ്തിരുന്നു. ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ കവരത്തി സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തതോടെ, ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ പ്രഖ്യാപിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലായിരുന്നു. മുഹമ്മദ് ഫൈസലിന് അനുകൂലമായ വിധിയുണ്ടായെങ്കിലും തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രഖ്യാപനം അസാധുവാകുന്ന സാഹചര്യമില്ല. എന്നാൽ ഉപതെരഞ്ഞെടുപ്പു നടത്തുന്നതു തടയണം എന്നാവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഹർജിയിലെ ഉത്തരവിന് അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് എന്നാണു നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Signature-ad

 

നേരത്തെ കേസ് പരിഗണിച്ചപ്പോൾ, ഹൈക്കോടതിയുടെ തീരുമാനം നോക്കട്ടെ എന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ സുപ്രീം കോടതി ഇതു പരിഗണിക്കാനാണ് സാധ്യത. വധശ്രമക്കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പു പ്രകാരം എംപി അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും എന്നായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.

അതേസമയം, കേസ് പരിഗണിക്കുമ്പോൾ ഹൈക്കോടതിയും ഇക്കാര്യത്തിൽ നിർണായക പരാമർശം നടത്തിയിരുന്നു. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്നും ഇതു സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമായിരുന്നു കോടതിയുടെ പരാമർശം. രാഷ്ട്രീയത്തിൽ നേതാക്കൾ സംശുദ്ധി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പൊതുതിരഞ്ഞെടുപ്പു വരാൻ ഒന്നര വർഷത്തിൽ താഴെ മാത്രം സമയമുള്ളപ്പോൾ ധ്യതി പിടിച്ച് ഉപതെരഞ്ഞെടുപ്പു നടത്തുന്നത് രാഷ്ട്രീയ താൽപര്യമാണെന്ന വിമർശനം പല കോണുകളിൽനിന്നും ഉയർന്നിരുന്നു.

Back to top button
error: