IndiaNEWS

മൈസൂരു വിറപ്പിച്ച കൊലയാളി പുലി കൂട്ടിലായി; കുടുങ്ങിയത് വനം വകുപ്പിന്റെ കെണിയിൽ

മൈസൂരു: നാടു വിറപ്പിച്ച് കൊലവിളി നടത്തിയ പുലി പിടിയിലായതോടെ മൈസൂരു നിവാസികള്‍ക്ക് ആശ്വാസം. മൂന്നുപേരെ കൊന്ന പുലിയാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇന്നലെ രാത്രിയാണ് പുലി വനംവകുപ്പിന്റെ കെണിയില്‍ വീണത്. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് വനംവകുപ്പ് അറിയിച്ചു. അഞ്ചുവയസ്സുള്ള പുള്ളിപ്പുലിയെയാണ് പിടികൂടിയത്. കഴിഞ്ഞദിവസം നരസിപുരയില്‍ പുലി 11 വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്തിയിരുന്നു. അവിടെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാ റെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.

ഈ പ്രദേശത്ത് പുലിയെ പലതവണ കണ്ടതായി നാട്ടുകാര്‍ അധികൃതരോട് പരാതി അറിയിച്ചിരുന്നു. പുലിയെ പിടികൂടാത്തത്തില്‍ പ്രദേശവാസികള്‍ വന്‍ പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. നാട്ടുകാര്‍ റോഡ് ഉപരോധം അടക്കം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നാഗര്‍ഹോളെ വനത്തിന് സമീപം പതിനെട്ടുകാരിയെയും പുലി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. മഞ്ജുവെന്ന പതിനെട്ടുകാരിയെയാണ് പുലി കൊലപ്പെടുത്തിയത്. വിറക് ശേഖരിക്കാന്‍ പോയ യുവതിയെ പിന്നീട് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് അഞ്ചാക്ലാസുകാരനെ പുലി കൊലപ്പെടുത്തിയത്. രാത്രി വീടിന് സമീപത്തെ കടയില്‍ ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വനംവകുപ്പ് അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വീട്ടില്‍നിന്ന് രണ്ടുകിലോമീറ്റര്‍ അകലെ കുറ്റിക്കാട്ടിനുള്ളിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച നര്‍സിപുരിലെ കനനായകനഹള്ളിയില്‍ പുലിയുടെ ആക്രമണത്തില്‍ സിദ്ധമ്മയെന്ന സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

Back to top button
error: