Health

വായ്പുണ്ണ് ശല്യപ്പെടുത്തുന്നോ…? അഗത്തി ചീരയുടെ പൂവ് കറിവച്ച് കഴിക്കൂ; അറിയൂ അഗത്തി ചീരയുടെ 1000 ഗുണങ്ങൾ

ഡോ. വേണു തോന്നക്കൽ

നാവിലും ചുണ്ടിലും നിറയെ പുണ്ണ് വന്നു ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാതെ ബുദ്ധിമുട്ടുന്ന ഒരാളാണോ നിങ്ങൾ…? അങ്ങനെയെങ്കിൽ ഉടൻ അഗത്തി ചീരയുടെ പൂവ് കറി വച്ച് കഴിക്കുകയോ എണ്ണ കാച്ചി പുണ്ണിൽ പുരട്ടുകയോ ചെയ്യുക. ബുദ്ധിമുട്ടുകൾ വളരെ പെട്ടെന്ന് മാറും.

പരീക്ഷാ തീയതി പ്രഖ്യാപിച്ചാൽ മതി ചിലർക്ക് വായിൽ പുണ്ണ് നിറയാൻ. ഭാര്യമാരോട് ഒന്ന് വഴക്കിട്ടാൽ മതി പിന്നെ ഒരാഴ്ചക്കാലം ചായപോലും കുടിക്കാൻ ആവാതെ വായിപ്പുണ്ണ് കൊണ്ട് ബുദ്ധിമുട്ടുന്ന ഭർത്താക്കന്മാരെ കാണാം.
വായ്പുണ്ണിന് മനസ്സുമായുള്ള ബന്ധം വ്യക്തമായല്ലോ. ഇതിന് അനവധി കാരണ ങ്ങളുണ്ട്. അതിന്റെ പാതോളജി തുടങ്ങി കൂടുതൽ വിവരങ്ങൾ ഇവിടെ തൽക്കാലം ചർച്ച ചെയ്യുന്നില്ല.
വളരെയേറെ പോഷകസമൃദ്ധമായ ഒരു ഇലക്കറിയാണിത്. ജീവകം എ, ജീവകം ബി കോംപ്ലക്സ്, ജീവകം സി തുടങ്ങിയ ജീവകങ്ങളും മെഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സെലീനിയം തുടങ്ങിയ ഖനിജ ങ്ങളും അടങ്ങിയിരിക്കുന്നു.
മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ജീവകം സി, എ തുടങ്ങി അറുപതോളം പോഷകങ്ങള്‍ അഗത്തീച്ചീരയുടെ ഇലയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, സി എന്നിവയാൽ സമ്പന്നമാണിത്.

വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റായതിനാല്‍ അഗത്തിയില കഴിക്കുന്നതിലൂടെ രക്തത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനാകും. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്ക്കാം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന്റെ ഇലകളുടെയും പൂക്കളുടെയും നീര് മൈഗ്രെയ്ന്‍ പോലുളള തലവേദനയ്ക്ക് ആശ്വാസമേകും. തലവേദനയെ ഇത് പടിപടിയായി ഇല്ലാതാക്കും. മുറിവുണങ്ങാനും ഇത് ഉത്തമമാണ്. അതുപോലെ തന്നെ ചുമ, കഫക്കെട്ട് എന്നിവയ്ക്കും നല്ലതാണ്. ഇലയില്‍ നാരുകള്‍ കൂടുതലുളളതിനാല്‍ മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ക്കും ഗുണം ചെയ്യും. പോഷകങ്ങളാല്‍ സമൃദ്ധമായ അഗത്തിച്ചീര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നേത്രരോഗങ്ങള്‍ക്കും പരിഹാരമാകും.

മറ്റ് ഇലക്കറികൾ പോലെ തന്നെ ഇതും അർബുദത്തിന്റെ ശത്രുവാണ്. അതുപോലെ ഉദരപ്രശ്നങ്ങളെ അകറ്റുന്നു. ഇതിൽ ബയോട്ടിൻ എന്ന ഒരു ബി കോംപ്ലക്സ് തന്മാത്ര ധാരാളമായി ഉള്ളതിനാൽ തലമുടിയുടെ വളർച്ചയ്ക്ക് നന്നാണ്. കൂടാതെ ചർമ്മസൗന്ദര്യം കാക്കുകയും ചർമ്മരോഗങ്ങളെ അകറ്റുകയും ചെയ്യും.

ഇതിന്റെ പൂവും കായും ഇലയും ഇട്ട് എണ്ണ കാച്ചി തേച്ചാൽ തലമുടി പനങ്കുല പോലെ വളരുമെന്നാണ് മുത്തശ്ശിമാർ പറയുന്നത്. അത് തെറ്റോ ശരിയോ എന്നറിയില്ല. ഒരു കാര്യം പ്രത്യേകം പറയാം. ചെടിയുടെ വളർച്ചയ്ക്ക് അവയുടെ ചുവട്ടിൽ വളം ഇടുന്നതു പോലെ മുടിയുടെ ചുവട്ടിൽ എണ്ണ കാച്ചി വളം നൽകിയിട്ട് കാര്യമില്ല. ഇടതൂർന്ന നല്ല മുടി വേണമെങ്കിൽ വേണ്ടത്ര മാംസ്യ ഭക്ഷണം കഴിക്കുകയും തലമുടിയും ശരീരവും ശുചിത്വത്തോടെ സൂക്ഷിക്കുകയും വേണം. അതിലുപരി സംഘർഷം ഇല്ലാത്ത സമാധാനപൂർണമായ ഒരു മനസ്സ് സൂക്ഷിക്കേണ്ടതാണ്. ഒപ്പം ആരോഗ്യമുള്ള ശരീരവും.

മറ്റ് മലക്കറികൾ, ഇലക്കറികൾ, പഴങ്ങൾ എന്നിവ പോലെ തന്നെ ഇതിനും നമ്മുടെ പ്രതിരോധശേഷി നിലനിർത്താനുള്ള കഴിവുണ്ട്. അതേസമയം ഇല്ലാത്ത പ്രതിരോധശേഷി ഉണ്ടാക്കിത്തരാൻ അഗ ത്തിച്ചീരയ്ക്കല്ല ഒരു പച്ചക്കറികൾക്കും ഭക്ഷണത്തിനും സാധ്യമല്ല. നാം കേൾക്കാറുള്ളതൊക്കെ വെറും വിടുവായത്തരം.

കാഴ്ചയില്‍ മുരിങ്ങയോട് സാമ്യമുള്ള ഈ ചീരവൃക്ഷം പത്തടിവരെ ഉയരത്തില്‍ വളരും. എന്നാല്‍ മുരിങ്ങയെക്കാള്‍ ശാഖകള്‍ക്ക് ബലവും ഇലകളും പൂക്കളും ഇതില്‍ കൂടുതലാണ്. വെളള, ചുവപ്പ് നിറങ്ങളിലുളള പൂക്കളുളള ഇനങ്ങളാണ് പൊതുവെ കാണാറുളളത്.

നാട്ടുവൈദ്യത്തിന്റെ ഭാഗമായി ഇത് നമ്മുടെ നാട്ടിലും വിദേശത്തും ധാരാളമായി ഉപയോഗിക്കുന്നു. നമ്മുടെ ആയുർവേദ ചികിത്സാ ശാസ്ത്രത്തിൽ ഇതും ഒരു അംഗമാണ്. ഇതിന് ഔഷധഗുണം ഉണ്ട് എന്ന് കരുതി ഇതൊരു മൃതസഞ്ജീവനി അല്ല. ഇതിൻ്റെ ഔഷധഗുണത്തെയും ബയോളജിക്കൽ പ്രാധാന്യത്തെയും കുറിച്ച് കൂടുതൽ ഗവേഷണങ്ങൾ ലോകമെമ്പാടും ലാബുകളിൽ നടക്കുന്നുണ്ട്.

അഗത്തി ചീര എന്നാണ് പൊതുവേ നമ്മുടെ നാട്ടിൽ അറിയപ്പെടുന്നത്. പല പ്രദേശങ്ങളിലും വിവിധ പേരുകളിൽ അറിയ പ്പെടുന്നു. Sesbania grandiflora എന്നാണ് ശാസ്ത്രനാമം.
അഗത്തി പൂവ് പൂർണമായും വിടരുന്നതിന് മുമ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.
അഗത്തിച്ചീരയുടെ ഇലകളും പൂക്കളും പയര്‍മണികളുമെല്ലാം പാചകത്തിനായി ഉപയോഗിക്കാം. ദാഹശമനിയായും ഗ്രീന്‍ ടീ ആയുമെല്ലാം ഇതിന്റെ ഇല ഉപയോഗിന്നു. വിത്തറ ഉപയോഗിച്ച് തോരനും മെഴുക്കുപുരട്ടിയുമെല്ലാം ഉണ്ടാക്കാം. പൂവ് കൊണ്ടും തോരനുണ്ടാക്കാം. ജൈവവേലിയായും അടുക്കളത്തോട്ടത്തിലും വീട്ടുമുറ്റത്തുമൊക്കെ അഗത്തിച്ചീര കൃഷിചെയ്യാം.

അഗത്തിയില നല്ലൊരു കാലിത്തീറ്റയാണ്. ഇതിൻ്റെ വേരിൽ കാണുന്ന മൂലാർബ്ബുദങ്ങളിൽ നൈട്രജൻ ഫിക്സിങ് ബാക്ടീരിയ അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്ത് മണ്ണിനെ ഫലപുഷ്ടമാക്കുന്നു.
പറമ്പിൽ ഒരു അകത്തിക്കീര എങ്കിലും നടുക. ചെടിച്ചട്ടിയിലും വളർത്താവുന്നതാ ണ്. പ്രത്യേകം പരിചരണവും വേണ്ട. വർഷ ത്തിൽ എല്ലായ്പ്പോഴും പൂവ് ഉണ്ടായിരിക്കും. വീട്ടിലെ ഇലക്കറിയുടെ ആവശ്യം ഇത് നികത്തും.
മണ്ണ് ഫലപുഷ്ടമാവും. വേണ്ടിവന്നാൽ കന്നുകാലിക്ക് ആഹാരമായി കൊടുക്കുകയും ചെയ്യാം. ഒരു കാലത്ത് നമ്മുടെ നാടിന്റെ ഐശ്വര്യമായിരുന്നു ഈ ചെടി. എന്നാണാവോ ഇത്തരം നന്മകൾ നമ്മുടെ മനസിലെങ്കിലും കുടിയേറുന്നത്…?

Back to top button
error: