KeralaNEWS

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; കാക്കനാട് 19 വിദ്യാര്‍ഥികള്‍ക്ക് രോഗം

കൊച്ചി: കാക്കനാട് സ്വകാര്യ സ്‌കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് കുട്ടികളെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് സ്‌കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

എന്താണ് നോറോ വൈറസ് ?

Signature-ad

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛര്‍ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്.

പകരുന്നത് ഇങ്ങനെ

മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയില്‍ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും അവയില്‍ സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകള്‍ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തില്‍ വ്യാപിക്കും. പ്രായഭേദമെന്യെ എല്ലാവരിലും വൈറസ് ബാധിക്കാം.

വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും, ഒ.ആര്‍.എസ്. ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കേണ്ടതുമാണ്.

രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകംചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒന്നുമുതല്‍ മൂന്നുദിവസങ്ങള്‍ക്കുള്ളില്‍തന്നെ രോഗലക്ഷണങ്ങള്‍ മാറാം. എന്നാല്‍ അത് കഴിഞ്ഞുള്ള രണ്ടുദിവസങ്ങള്‍വരെ രോഗിയില്‍നിന്ന് വൈറസ് പടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ രോഗം മാറി കുറഞ്ഞത് രണ്ടു ദിവസത്തേക്കെങ്കിലും പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം.

ലക്ഷണങ്ങളെ കരുതാം

വയറിളക്കം, വയറുവേദന, ഛര്‍ദ്ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂര്‍ച്ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും രോഗം ഗുരുതരാവസ്ഥയിലേക്ക് മാറുകയും ചെയ്യും.

പ്രതിരോധിക്കാം

1) ആഹാരത്തിനുമുമ്പും ശൗചാലയത്തില്‍ പോയതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് 2) സെക്കന്‍ഡ് നേരമെങ്കിലും നന്നായി കഴുകുക.2) കുടിവെള്ളസ്രോതസ്സുകള്‍, കിണര്‍, ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.3) വ്യക്തിശുചിത്വത്തിനും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക.

4) തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

5) പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
തണുത്തതും പഴകിയതും, തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍, കേടുവന്ന പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ഉപയോഗിക്കാതിരിക്കുക.6) കടല്‍മത്സ്യങ്ങളും, ഞണ്ട്, കക്ക തുടങ്ങിയവയും നന്നായി പാകംചെയ്തതിന് ശേഷം മാത്രം കഴിക്കുക.

Back to top button
error: