കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കുണ്ടംകുഴിയില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ ഡ്രൈവര്‍ ചന്ദ്രന്റെ ഭാര്യ നാരായണി (46), മകള്‍ ശ്രീനന്ദ (12) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
നാരായണിയെ തൂങ്ങി മരിച്ച നിലയിഴും മകള്‍ ശ്രീനന്ദയുടെ മൃതദേഹം കിടപ്പുമുറിയില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. കുണ്ടംകുഴി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. ഇന്ന് (ഞായർ) രാത്രിയോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.
ചന്ദ്രൻ വിളിച്ചിട്ടു മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.
വിവരമറിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേഡകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവം കേട്ടറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് വീട്ടിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.