LocalNEWS

കോട്ടയം ടിബി റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു; മരിച്ചത് മണർകാട് മാലം സ്വ​ദേശി

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാമ്പാടി സ്വദേശി മരിച്ചു. മണർകാട് മാലം കൊച്ചു താഴത്ത് (കുന്നുംപുറത്ത്) ജോർജ് കുര്യൻ (54) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 02.05 നായിരുന്നു അപകടം. നഗരത്തിലൂടെ കാൽ കുഴഞ്ഞ് നടന്നു വന്ന ജോർജ്, ഓടിയെത്തിയ കെഎസ്ആർടിസി ബസിന് അടിയിലേയ്ക്കു വീഴുകയായിരുന്നു. ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി.

ഓടിക്കൂടിയ നാട്ടുകാരും സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സംഘവും ചേർന്ന് 108 ആംബുലൻസ് വിളിച്ചു വരുത്തിയാണ് പരിക്കേറ്റ ജോർജ് കുര്യനെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്നു കണ്ടതിനെ തുടർന്നു ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്. ഭാര്യ :ജിൻസി (നേഴ്സ് , ഡൽഹി ) മകൻ : ജോൺ സി ജോർജ്ജ് (പാമ്പാടി ബി എം എം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി). അപകടത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ജോസ് ആലുക്കാസിൽ നിന്നുള്ള സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് പുറത്തു വന്നത്.

Back to top button
error: