CrimeNEWS

ഡല്‍ഹിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് മൂന്നാം ദിവസം ജാമ്യം; എതിര്‍ക്കാതെ പോലീസ്

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ കാറില്‍ വലിച്ചിഴച്ച പ്രതിക്ക് അറസ്റ്റിലായി മൂന്നാം ദിനം ജാമ്യം. സ്വാതി മലിവാളിന്റെ കൈ കാറില്‍ കുടുക്കി പത്ത് മീറ്ററോളം വലിച്ചിഴച്ചതിന് അറസ്റ്റിലായ ഹരിഷ് ചന്ദര്‍നാണ് ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയത്.

നിലവില്‍ പ്രതിയെ അകാല വിചാരണയ്ക്ക് വിധേയമാക്കുന്നത് അന്യായമാണെന്ന് പറഞ്ഞായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45നായിരുന്നു സംഭവം. എയിംസ് ആശുപത്രി പരിസരത്ത് നില്‍ക്കുകയായിരുന്നു സ്വാതി മലിവാളും സുഹൃത്തുക്കളും.

ഈ സമയത്ത് വെളുത്ത കാറിലെത്തിയ ആള്‍ ഇവരോട് കാറില്‍ കയറാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വിസമ്മതിച്ചപ്പോള്‍ ഇവരെ കാറിലേക്ക് വലിച്ച്, കൈ ഡോറില്‍ കുടുക്കി വാഹനം മുന്നോട്ടു കൊണ്ടുപോയി എന്നാണ് പരാതി. 10-15 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചു എന്ന് പരാതിയില്‍ വ്യക്തമായിരുന്നു.

വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്നു തന്നെ കോട്‌ല പൊലീസ് അറസ്റ്റ് ചെയ്ത 47കാരനായ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ‘പ്രതിയെ കസ്റ്റഡിയില്‍ പാര്‍പ്പിക്കുന്നത് കൊണ്ട് പ്രയോജനമൊന്നും ഉണ്ടാകില്ലെന്നാണ് എന്റെ അഭിപ്രായം. അതിനാല്‍ പ്രതി ഹരീഷ് ചന്ദര്‍നെ 50,000 രൂപയുടെ ബോണ്ടിന് വിധേയമായി ജാമ്യത്തില്‍ വിടുന്നു’- മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സംഘമിത്ര പറഞ്ഞു.

പ്രതിയെ കസ്റ്റഡിയില്‍ വിട്ടുനല്‍കണോ എന്ന് കോടതി ചോദിച്ചെങ്കിലും ആവശ്യമില്ലെന്നായിരുന്നു പൊലീസ് മറുപടി. സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുത്, തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്, ആവശ്യപ്പെടുന്ന മുറയ്ക്ക് അന്വേഷണവുമായി സഹകരിക്കണം, നേരിട്ടോ അല്ലാതെയോ പരാതിക്കാരിയെയും കുടുംബാംഗങ്ങളെയും മറ്റ് സാക്ഷികളെയും ബന്ധപ്പെടരുത്, കാണരുത്, ഭീഷണിപ്പെടുത്തരുത് തുടങ്ങിയവയാണ് മറ്റ് ജാമ്യ വ്യവസ്ഥകള്‍.

‘ആരോപണങ്ങളുടെ സ്വഭാവം ഗൗരവമുള്ളതാണെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രതി കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയാണെന്ന് കരുതുന്നു’- കോടതി പറഞ്ഞു. ഐ.പി.സി 323 (മനഃപൂര്‍വം മുറിവേല്‍പ്പിക്കുക), 341 (തടഞ്ഞുവയ്ക്കുക), 354 (സ്ത്രീകള്‍ക്കെതിരായ അതിക്രമം), 509 (സ്ത്രീത്വത്തെ അധിക്ഷേപിക്കുന്ന വാക്കുകളോ പ്രവൃത്തിയോ ആം?ഗ്യമോ) എന്നീ വകുപ്പുകളും മോട്ടോര്‍വെഹിക്കിള്‍ ആക്ടിലെ 185 വകുപ്പും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

എല്ലാ കുറ്റങ്ങള്‍ക്കും ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ലഭിക്കുമെന്നും ഐ.പി.സി സെക്ഷന്‍ 354 ഒഴികെയുള്ള എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യം ലഭിക്കുമെന്നും കോടതി പറഞ്ഞു. വാദങ്ങള്‍ക്കിടെ, അന്വേഷണത്തിന്റെ ആവശ്യത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചെങ്കിലും ആവശ്യമില്ലെന്നാണ് അവര്‍ മറുപടി നല്‍കിയതെന്നും പ്രതിക്ക് മറ്റു കുറ്റകൃത്യങ്ങളില്‍ പങ്കില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: