KeralaNEWS

”ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ? ഞാന്‍ അത്ര വലിയ പുരോഗമനവാദിയല്ല”

കൊച്ചി: ചുംബന സമരം പോലെയുള്ള അരാജകത്വ പ്രവണതകളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. അതുകൊണ്ടാണ് അതിനെ എതിര്‍ത്തത്. ഇപ്പോഴും അതേനിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്നതായും ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

”സ്വകാര്യമായി ചെയ്യേണ്ട കാര്യങ്ങള്‍ തെരുവില്‍ ചെയ്യേണ്ടതില്ല. ഇത്തരം അരാജകത്വ പ്രവണതകളെ ഞാന്‍ പ്രോത്സാഹിപ്പിക്കില്ല. ചുംബിക്കുന്നത് എങ്ങനെ ഒരു പ്രതിഷേധ സമരമായി കാണാന്‍ കഴിയും? അടിസ്ഥാനപരമായി നമുക്ക് ചില സാംസ്‌കാരിക മൂല്യങ്ങളുണ്ട്. ഇത് പറഞ്ഞതിന് ചില അരാജകവാദികള്‍ എന്നെ കടുത്ത ഭാഷയില്‍ ആക്രമിച്ചു. എന്നാല്‍, നിലപാടില്‍ ഇപ്പോഴും ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആരെങ്കിലും ഭാര്യമാരെ ചുംബന സമരത്തിന് അയക്കുമോ?, ഞാന്‍ അത്രയ്ക്കും വലിയ പുരോഗമനവാദിയല്ല”-ഷംസീര്‍ പറഞ്ഞു.

”യഥാര്‍ഥ മുസ്ലീം നുണ പറയുമെന്ന് കരുതുന്നില്ല. സി.പി.എം മതേതരത്വ പാര്‍ട്ടിയായത് കൊണ്ടാണ് മുസ്ലീം വിഭാഗത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ ചേരുന്നത്. അഞ്ചുനേരം നിസ്‌കരിക്കുന്ന നിരവധി പേര്‍ പാര്‍ട്ടിയിലുണ്ട്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നു. മുസ്ലീം വിഭാഗം നേരിടുന്ന പ്രശ്നങ്ങള്‍ മുസ്ലീങ്ങള്‍ തന്നെ പരിഹരിക്കണമെന്ന ചിന്ത അപകടകരമാണ്. വ്യക്തിത്വം അടയാളപ്പെടുത്തുന്ന രാഷ്ട്രീയം എല്ലാവര്‍ക്കും അപകടമാണ്. ഹിന്ദുക്കളില്‍ ഭൂരിപക്ഷവും മതേതരവാദികളാണ്. മുസ്ലീം വിഭാഗത്തിലെ ചുരുക്കം ചിലര്‍ മാത്രം യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ മനഃപൂര്‍വ്വം തയ്യാറാവുന്നില്ല”- സ്പീക്കര്‍ പറഞ്ഞു.

”മതം നോക്കാതെ, എല്ലാ സഖാക്കളെയും ഒരേപോലെയാണ് പാര്‍ട്ടി കാണുന്നത്. ചിലര്‍ ആരോപിക്കുന്നു, പാര്‍ട്ടി മുസ്ലീം പ്രീണന നയമാണ് സ്വീകരിക്കുന്നത് എന്ന്. മറ്റുചിലര്‍ ആരോപിക്കുന്നത്, സി.പി.എം മുസ്ലീങ്ങളെ ഉപദ്രവിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന്. ഇതില്‍ നിന്ന് വ്യക്തമാണ്, സി.പി.എം നിഷ്പക്ഷ പാര്‍ട്ടി ആണ് എന്ന്”- അദ്ദേഹം പറയുന്നു.

 

Back to top button
error: