KeralaNEWS

എല്ലാ യോഗ്യതയുമുണ്ട്, ദീര്‍ഘകാലമായ ആവശ്യവുമാണ്; എയിംസ് കേരളത്തിന് ലഭ്യമാക്കണമെന്നു മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. ദീര്‍ഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണെന്നും എല്ലാ യോഗ്യതകളും സംസ്ഥാനത്തിനുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കേരളം കാഴ്ച വയ്ക്കുന്നത്. എയിംസ് കേരളത്തിന് ലഭ്യമാക്കണം. ഏത് മാനദണ്ഡം പരിശോധിച്ചാലും കേരളത്തിന് അനുവദിക്കേണ്ടതാണ്, മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കഴിഞ്ഞ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത്യാധുനിക സൗകര്യങ്ങളോടെ ആലപ്പുഴ മെഡിക്കല്‍ കോളജിന് സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക് നിര്‍മിച്ച കേന്ദ്രസര്‍ക്കാരിന്റെ സംഭവനകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നെന്നും ഇത്തരത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ ഇനിയുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കിയതിനെതിരേ മുന്‍മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. നിർമ്മാണത്തിനായി ആദ്യവസാനം നിന്നവരെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്നായിരുന്നു ജി സുധാകരന്‍റെ വിമര്‍ശനം. പുതിയ ബ്ലോക്കിനായി ആദ്യവസാനം മുന്നിൽ നിന്നയാളാണ് ഞാൻ. എന്നെ ഓർക്കാതിരുന്നതിൽ പരിഭവമില്ലെന്നും വഴിയരികിലെ ഫ്ലക്സുകളിലല്ല ജനഹൃദയങ്ങളിലെ ഫ്ലക്സുകളാണ് പ്രധാനമെന്നും ജി സുധാകരൻ ഫേസ്ബുക്കില്‍ കുറിച്ചു. ചരിത്ര നിരാസം ചില ഭാരവാഹികൾക്ക് ഏറെ ഇഷ്ടപ്പെട്ട മാനസിക വ്യാപാരമാണ്. അതു കൊണ്ട് ചരിത്രം ഇല്ലാതാകുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ കെ ശൈലജയേയും ഉൾപ്പെടുത്താമായിരുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ജി സുധാകരൻ കുറിച്ചു.

ആറ് നിലകളിലായി ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് മെഡിക്കൽ കോളേജിൽ ഒരുക്കിയത്. എല്ലാ ദിവസവും ശസത്രക്രിയ സൗകര്യമുണ്ട്. അത്യാധുനിക സിടി സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവ വേറെയും.

 

Back to top button
error: