എഴുപതുകളിലെ കേരള ചരിത്രം അനാവരണം ചെയ്ത ‘മങ്കമ്മ’ മലയാളിക്കു മുന്നിലെത്തിയിട്ട് 26 വർഷം
സിനിമ ഓർമ്മ
ടിവി ചന്ദ്രന്റെ ‘മങ്കമ്മ’ റിലീസ് ചെയ്‌തിട്ട് 26 വർഷം. 1997 ജനുവരി 18 നായിരുന്നു രേവതിയുടെ മികച്ച വേഷപ്പകർച്ചകളിലൊന്ന് എന്നറിയപ്പെടുന്ന ‘മങ്കമ്മ’യുടെ റിലീസ്. നാഷണൽ ഫിലിംസ് ഡെവലപ്മെന്റ് കോർപറേഷൻ നിർമ്മിച്ച ചിത്രത്തിൽ നെടുമുടി വേണു, തിലകൻ, വിജയരാഘവൻ തുടങ്ങിയവരും ഉണ്ടായിരുന്നു. മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ടിവി ചന്ദ്രൻ നേടി. എഴുപതുകളിലെ കേരള ചരിത്രമാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ആപൽക്കരമായ സാമൂഹിക സാഹചര്യങ്ങളിലെ വ്യക്തിസ്വാതന്ത്ര്യമാണ് ‘മങ്കമ്മ’ ചർച്ച ചെയ്‌ത വിഷയം. ശൗര്യമുള്ള സ്ത്രീ എന്നാണ് മങ്കമ്മ എന്ന വാക്കിനർത്ഥം. തമിഴിലും തെലുഗുവിലും ‘മങ്കമ്മ ശപഥം’ എന്ന സിനിമ വന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ നിസ്സഹായ ജീവിതങ്ങൾ വരച്ചു കാട്ടുകയായിരുന്നു ‘മങ്കമ്മ’യിലൂടെ ടിവി ചന്ദ്രൻ. ഇടം നഷ്ടമാവുന്നവരുടെ ഇടയിലേയ്ക്കാണ് മങ്കമ്മയുടെ ആദ്യയാത്ര. അവൾ ചെല്ലുന്നിടം നശിപ്പിക്കപ്പെടുന്നു. ജീവിതത്തോട് തോൽക്കാത്ത അവളുടെ യാത്രകൾ അവസാനിക്കുന്നുമില്ല. കുടുംബങ്ങളിൽ പോലും അടിച്ചമർത്തപ്പെടുന്ന സ്ത്രീ ജീവിതങ്ങൾ, കുടുംബത്തിന് പുറത്തെ പ്രതികൂല സാഹചര്യങ്ങൾ പോലും അതിജീവിക്കും എന്നാണ് ചിത്രം പറഞ്ഞു വച്ചത്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ