KeralaNEWS

കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റ് ഇറച്ചിക്കോഴികള്‍ക്ക് വിഷാംശമുണ്ടെന്ന തരത്തിൽ മന്ത്രിയുടെ പരാമർശം: പ്രതിഷേധിച്ച് കോഴിക്കർഷകർ

തൃശൂര്‍: കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റു ഇറച്ചിക്കോഴികള്‍ക്ക് വിഷാംശമുണ്ടെന്ന തരത്തിലുള്ള മന്ത്രി ജെ. ചിഞ്ചുറാണിയുടെ പരാമർശത്തിനെതിരേ കോഴിക്കർഷകർ രംഗത്ത്. കോഴികൃഷി മേഖലയ്‌ക്കെതിരേ മന്ത്രി ചിഞ്ചുറാണി ഉന്നയിച്ച ആരോപണം പിന്‍വലിക്കണമെന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി ആവശ്യപ്പെട്ടു.

കേരളത്തില്‍ കുടുംബശ്രീ വഴി നല്‍കുന്ന കോഴികള്‍ക്ക് വിഷാംശമില്ലെന്നും മറ്റു ഇറച്ചിക്കോഴികള്‍ക്ക് വിഷാംശവും ഹോര്‍മോണും ഉണ്ടെന്നുമുള്ള ധ്വനിയോടെ മന്ത്രി സംസാരിച്ചത് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മന്ത്രിയുടെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ ആശങ്കയും ഭീതിയുമുണ്ടാക്കിയെന്നും ഇതിലൂടെ കോഴികൃഷി വ്യാപാരികള്‍ക്ക് 44 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സംഘടന ചൂണ്ടിക്കാട്ടി. വിഷയം പഠിക്കാതെയാണ് മന്ത്രി പ്രസ്താവനയിറക്കിയത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.

Signature-ad

മന്ത്രിയുടെ തെറ്റായ നിഗമനങ്ങളും പ്രസ്താവനയും മേഖലയെ തകര്‍ക്കാനേ ഉപകരിക്കൂ. കേരളത്തിലെ ഇറച്ചിക്കോഴി വ്യവസായം തകര്‍ക്കാനുള്ള ചരടുവലികളാണ് ഇതിന് പിന്നിലെന്നു സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി പറഞ്ഞു.

മറ്റ് കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവച്ചിട്ടുണ്ടോയെന്ന് മന്ത്രിക്ക് നേരിട്ടെത്തി പരിശോധിക്കാം. കേരളത്തില്‍ കര്‍ഷകരും സംരംഭകരുമടക്കം ഏഴുലക്ഷം പേരുടെ ജീവനോപാധിയാണ് ഇറച്ചിക്കോഴി വളര്‍ത്തല്‍. തീറ്റച്ചെലവിലും ഉല്പാദനച്ചെലവിലുമുണ്ടായ ഭീമമായ വര്‍ധന, തീറ്റയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന, കടുത്ത വിപണന സമ്മര്‍ദം, ഗുണനിലവാരത്തെ തകര്‍ക്കുന്ന വസ്തുതയില്ലാത്ത ആരോപണങ്ങള്‍ എന്നിവ പ്രതികൂലമായി ബാധിച്ചു. മന്ത്രിയുടെ പ്രസ്താവനകാരണം സംസ്ഥാനത്ത് വലിയ വിലയിടിവ് ഉണ്ടായെന്നു അവര്‍ പറഞ്ഞു. 35% വില്‍പ്പന കുറഞ്ഞു. കിലോയ്ക്ക് 18 രൂപ വരെ കുറഞ്ഞു. അതേസമയം കുടുംബശ്രീ വഴി നല്‍കുന്നത് പ്രാദേശിക ഹാച്ചറികളില്‍ നിന്നു വാങ്ങിയ കോഴികളുടെ ഇറച്ചിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

കുടുംബശ്രീക്ക് 207 ഹാച്ചറികള്‍ മാത്രമാണുള്ളത്. സംഘടനയിലുള്ളവര്‍ക്ക് ആയിരം ഹാച്ചറികള്‍ വരെയുണ്ട്. പ്രതിമാസം കേരളത്തില്‍ 1.75 കോടി കോഴികളെയാണ് വളര്‍ത്തുന്നത്. ഇതില്‍ കുടുംബശ്രീ വഴി കേവലം അഞ്ചു ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് പ്രതിമാസം വില്‍ക്കുന്നത്. കേരളചിക്കന് സര്‍ക്കാര്‍ പ്രതിവര്‍ഷം 16 കോടി രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ഇത് തങ്ങള്‍ക്കു നല്‍കിയാല്‍ വന്‍ മാറ്റമുണ്ടാക്കാനാകും. കോഴിവളര്‍ത്തല്‍ കൃഷിയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. കേരളത്തിലോ തമിഴ്‌നാട്ടിലോ ഉള്ള കോഴികളില്‍ ഹോര്‍മോണ്‍ കണ്ടെത്തിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്ന വാഗ്ദാനം സമിതി സംസ്ഥാന സെക്രട്ടറി ടി.എസ്. പ്രമോദ്, ട്രഷറര്‍ പി.ടി. ഡേവീസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിബു മാത്യു എന്നിവര്‍ ആവര്‍ത്തിച്ചു.

Back to top button
error: