ഗുരുഗ്രാം: ഐഫോണുകൾ തട്ടിയെടുത്തതിന് പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിലർ സ്റ്റോറിന്റെ മുൻ മാനേജരെയും സുഹൃത്തിനെയും ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത ഫോണുകൾ നേപ്പാളിൽ വിൽക്കാനായിരുന്നു ഇവരുടെ പദ്ധതി. ജനുവരി 5 ന് സെക്ടർ 52 ലെ ആർഡി മാളിലെ റിലയൻസ് ഡിജിറ്റൽ സ്റ്റോറിൽ നിന്ന് 60 ഐഫോൺ മൊബൈലുകളും 4 സ്മാർട്ട് വാച്ചുകളും 2 ലാപ്‌ടോപ്പുകളുമടക്കം 60 ലക്ഷം രൂപയുടെ സാധനങ്ങൾ കാണാതാവുകയായിരുന്നെന്നും പൊലീസ് അറിയിച്ചു.
മോഷണം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജനുവരി ആറിനാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ കടയിൽ മാനേജരായി ജോലി ചെയ്തിരുന്ന നരേന്ദ്ര കുമാർ, സുഹൃത്തും കൊറിയർ ബോയിയുമായ അശോക് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയുടെ വ്യാജ താക്കോലുകൾ നിർമ്മിച്ചെന്നും അത് ഉപയോഗിച്ച് അവിടെ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ പദ്ധതിയിടുകയായിരുന്നെന്നും നരേന്ദർ പൊലീസിനോട് പറഞ്ഞു.
വളരെ വേഗം സമ്പന്നരാകാൻ വേണ്ടിയാണ് കടയിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. മോഷ്ടിച്ച 57 ഐഫോണുകളും നാല് സ്മാർട്ട് വാച്ചുകളും രണ്ട് ലാപ്‌ടോപ്പുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ക്രൈം എസിപി പ്രീത് പാൽ സിംഗ് സാംഗ്വാൻ പറഞ്ഞു.