Movie

‘നന്‍പകല്‍ നേരത്ത് മയക്കം’ നാളെ എത്തും, 2023 ലും മികവ് തുടരാൻ മമ്മൂട്ടി

   മെഗാസ്റ്റാർ മമ്മൂട്ടിക്ക് 2022 മികച്ച വർഷം ആയിരുന്നു. ഏറെ നാളുകൾക്കു ശേഷം ഒരു മമ്മൂട്ടി ചിത്രം മലയാളം ഇയർ ടോപ്പർ പദവി നേടിയ വർഷം. അമൽ നീരദ് ഒരുക്കിയ ‘ഭീഷ്മ പർവം’ ആണ് ആ നേട്ടം സ്വന്തമാക്കിയത്. അത് കൂടാതെ നിസാം ബഷീറിൻ്റെ ‘റോഷാക്കും’  ഒ.ടി.ടി റിലീസ് ആയെത്തിയ ‘പുഴു’വും മമ്മൂട്ടിക്ക് പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ 2023 ലും തന്റെ വിജയ യാത്ര തുടരുകയാണ് അദ്ദേഹം.

ഈ വർഷം മമ്മൂട്ടി അഭിനയിച്ച് ആദ്യം റീലീസ് ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘നൻ പകൽ നേരത്ത് മയക്കം’ ആണ്. ജനുവരി 19നാണ് ഈ ചിത്രം എത്തുക. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ഈ ചിത്രം മമ്മൂട്ടി നിര്‍മ്മാണ കമ്പനിയുടെ ആദ്യ സംരംഭമാണ്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്.

വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. ജയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക

അതിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന റിലീസ് ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ‘ക്രിസ്റ്റഫർ’ ആണ്. ഉദയ കൃഷ്ണ തിരക്കഥ ഒരുക്കിയ ഈ ത്രില്ലർ ചിത്രം ഫെബ്രുവരി രണ്ടാം വാരം റീലീസ് ചെയ്യുമെന്നാണ് വിവരം. 2023 ലെ മമ്മൂട്ടിയുടെ മൂന്നാം റിലീസ് തെലുങ്കിൽ നിന്നാണ്. സുരേന്ദർ റെഡ്‌ഡി ഒരുക്കുന്ന ‘ഏജൻ്റ്’ എന്ന ചിത്രമാണത്. യുവ താരം അഖിൽ അക്കിനെനി നായകനായി എത്തുന്ന ഈ ആക്ഷൻ ത്രില്ലറിൽ മഹാദേവ് എന്ന് പേരുള്ള, മിലിട്ടറി ഓഫീസർ കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ജിയോ ബേബി ഒരുക്കിയ ‘കാതൽ’ ആണ് പിന്നീടെത്തുന്ന മമ്മൂട്ടി ചിത്രം. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇപ്പോൾ മമ്മൂട്ടി നിർമ്മിച്ചു അഭിനയിച്ചു കൊണ്ടിരിക്കുന്ന പേരിടാത്ത റോബി വർഗീസ് രാജ് ചിത്രവും ഈ വർഷം തന്നെ റിലീസ് ചെയ്യും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് നിര്‍മ്മാണം. മമ്മൂട്ടി പോലീസ് വേഷം ചെയ്യുന്ന ഈ ചിത്രവും ഒരു ത്രില്ലറായാണ് ഒരുക്കുന്നത്.

ഇതിനു ശേഷം മമ്മൂട്ടി അഭിനയിക്കുന്നത് നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലായിരിക്കം, ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്.

    തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേര്‍ന്ന് ‘കാപ്പ’യ്ക്കുശേഷം നിര്‍മ്മിക്കുന്ന ചിത്രമാണ് മമ്മൂട്ടി, ഡിനോ ഡെന്നിസ് സിനിമ. നിമിഷ് രവി ആണ് ഛായാഗ്രഹണം.

ഇതിനിടെ വിജയ് സേതുപതി നായകനാവുന്ന തമിഴ് വെബ്സീരിസില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തുന്നുണ്ട്.
ടൊവിനോ തോമസ് നായകനാവുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രവും തിയേറ്റര്‍ ഒഫ് ഡ്രീംസ് നിര്‍മ്മിക്കുന്നുണ്ട്.

Back to top button
error: