Movie

മഹാകവി കുമാരനാശാൻ മലയാള സിനിമയിൽ

സിനിമ ഓർമ്മ

മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട്  99 വർഷമായെങ്കിലും ഈയിടെ യേശുദാസിന്റെ എൺപത്തിമൂന്നാം ജന്മദിനത്തിൽ കുമാരനാശാന്റെ പേര് വീണ്ടും സമൂഹമാധ്യമങ്ങളിൽ ഉയർന്നു കേട്ടു. 1962ൽ റിലീസ് ചെയ്‌ത ‘കാൽപ്പാടുകൾ’ എന്ന ചിത്രത്തിൽ ‘പണ്ടുത്തര ഹിന്ദുസ്ഥാനത്തിൽ’ എന്ന ആശാൻ കവിത എംബി ശ്രീനിവാസ് സംഗീതം പകർന്ന് യേശുദാസ് പി ലീലയുമൊത്ത് പാടി. അതേ ചിത്രത്തിലെ ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്’ എന്ന ശ്രീനാരായണ ഗുരു രചിച്ച വരികളാണ് യേശുദാസ് ആദ്യമായി ആലപിച്ച  ഈരടികൾ.
കുമാരനാശാന്റെ ‘ഈ വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ’ എന്ന വരികൾ ‘ഒള്ളത് മതി’ (1967) എന്ന ചിത്രത്തിനായി എൽ.പി.ആർ വർമ്മ ഉപയോഗിച്ചു. സന്ധ്യക്കെന്തിന് സിന്ദൂരം എന്ന ചിത്രത്തിനായി ശ്യാമിന്റെ സംഗീതത്തിൽ ആശാന്റെ ‘ചന്തമേറിന പൂവിലും സഫലാഭമാം ശലഭത്തിലും’ ശ്രോതാക്കൾ കേട്ടു.
ഔസേപ്പച്ചനാണ് കുമാരനാശാന്റെ കവിതകൾ സിനിമയിൽ ഉപയോഗിച്ച മറ്റൊരു സംഗീത സംവിധായകൻ. 2001ൽ പുറത്തിറങ്ങാനിരുന്ന ‘സ്വർണ്ണച്ചിറകുമായി’ എന്ന ചിത്രത്തിന് വേണ്ടി ആശാന്റെ ‘എന്റെ ദൈവമേ കാത്തുകൊള്ളണേ’ എന്ന ഭക്തിഗീതം റെക്കോഡ് ചെയ്‌തിരുന്നു. ചിത്രം റിലീസ് ചെയ്യാതിരുന്നതിനാൽ പിന്നീട് ആ ഗാനം ‘പ്രണയകാലം’ എന്ന ചിത്രത്തിൽ ഉപയോഗിച്ചു. ‘വജ്രം’ എന്ന മമ്മൂട്ടിച്ചിത്രത്തിൽ ഔസേപ്പച്ചൻ ഉപയോഗിച്ചത് ആശാന്റെ ‘പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം’ എന്ന വരികളാണ്.
യുഗപുരുഷൻ (2010) എന്ന ചിത്രത്തിൽ മോഹൻ സിത്താരയുടെ സംഗീതത്തിലാണ് ആശാന്റെ വരികൾ അവസാനമായി സിനിമയിൽ നമ്മൾ കേട്ടത്: ‘ദാഹിക്കുന്നു ഭഗിനി കൃപാരസ’ എന്ന് തുടങ്ങുന്ന കവിത.

Signature-ad

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: