കൊച്ചി: ക്രഷര്‍ ഇടപാടില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പ്രവാസിയുടെ പരാതിയുമായി ബന്ധപ്പെട്ട് നിലമ്പൂരിലെ സി.പി.എം. സ്വതന്ത്ര എം.എല്‍.എ: പി.വി. അന്‍വറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്‌തു. എറണാകുളത്തെ ഇ.ഡി. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. അതേസമയം, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനോട് പ്രതികരിക്കാതെ പി വി അൻവർ എം എൽ എ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷോഭിച്ചാണ് പി വി അൻവർ പ്രതികരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഇ ഡി വിളിപ്പിച്ചെതെന്ന് പരിഹസിച്ച എംഎൽഎ മറുപടി പറയാൻ സൗകര്യമില്ലെന്നും പറഞ്ഞു.
മംഗലാപുരം ബെല്‍ത്തങ്ങാടി, തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷറില്‍ 10% ഓഹരിയും പ്രതിമാസം അരലക്ഷം രൂപ ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ അന്‍വര്‍ തട്ടിയെടുത്തെന്നു പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണം ഇടപാടുണ്ടോയെന്നാണ് ഇ.ഡിയുടെ അന്വേഷണം. ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ അന്‍വറിനു വിറ്റ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമിന്റെയും പരാതിക്കാരനായ നടുത്തൊടി സലീമിന്റെയും മൊഴി ഇ.ഡി. നേരത്തേ രേഖപ്പെടുത്തിയിരുന്നു.
സലീമിന്റെ പരാതിയില്‍ അന്‍വറിനെതിരേ കേസെടുക്കാന്‍ പോലീസ് തയറായിരുന്നില്ല. തുടര്‍ന്ന്, മഞ്ചേരി സി.ജെ.എം. കോടതിയുടെ ഉത്തരവിനേത്തുടര്‍ന്നാണു വഞ്ചനാക്കുറ്റത്തിനു കേസെടുത്തത്. കേസ് അട്ടിമറിക്കാനുള്ള പോലീസ് നീക്കത്തിനെതിരേ സലീം ഹര്‍ജി നല്‍കിയതിനേത്തുടര്‍ന്ന് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന്, സിവില്‍ കേസെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് മലപ്പുറം ഡിവൈ.എസ്‌പി. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി. തുടരന്വേഷണത്തിലും സമാനമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഇ.ഡിയുടെ രംഗപ്രവേശം.