KeralaNEWS

ഗുണ്ടാ – മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നു; തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ടസ്ഥലമാറ്റമുണ്ടാകും

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള പോലീസുകാര്‍ക്കെതിരെ കടുത്ത നടപടിക്കു സംസ്ഥാന സർക്കാർ. ഗുണ്ടാ ബന്ധമുള്ള പോലീസുകാർക്ക് എതിരേ വിജിലൻസ് അന്വേഷണമുണ്ടായേക്കും. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിൽ കൂട്ട സ്ഥലമാറ്റമുണ്ടാകും. എല്ലാ പൊലീസുകാരെയും മാറ്റാനാണ് തീരുമാനം. നേരത്തെ എസ്എച്ച്ഒ സജീഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പൊലീസുകാർക്കുൾപ്പെടെ ഗുണ്ടാ – മാഫിയ ബന്ധമെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ഗുണ്ടാബന്ധമുള്ള ഡിവൈഎസ്പിമാർക്കെതിരായ നടപടിക്കുള്ള ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്നു തന്നെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ 160 എസ്എച്ച്ഒമാർക്ക് സ്ഥലംമാറ്റമുണ്ടാകും. പ്രവർത്തന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകും സ്ഥലം മാറ്റം.

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ തലസ്ഥാനത്ത് നടന്നത് അമ്പരിപ്പിക്കുന്ന അക്രമ സംഭവങ്ങളായിരുന്നു. ഒരിടവേളയ്ക്ക് ശേഷം സജീവമായ രണ്ട് ഗുണ്ടാനേതാക്കളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിരുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഗുണ്ടാ – മാഫിയ ബന്ധമുള്ള പോലീസുകാര്‍ക്കെതിരെ നടപടി കടുപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് – പണമിടപാടുകൾക്ക്  ഇടനിലക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇന്‍റലിജന്‍സ് റിപ്പോർട്ട് ഡിജിപിക്ക് നൽകിയിട്ടുണ്ട്. പാറ്റൂർ ആക്രമണ കേസിന്‍റെ അന്വേഷണത്തിനിടെയാണ് ഗുണ്ട – പൊലീസ് ബന്ധം പുറത്തായത്.

Back to top button
error: