തമിഴ്, തെലുങ്ക് സിനിമാ മേഖലകളെ സംബന്ധിച്ച് ഓരോ പുതുവര്‍ഷവും ആരംഭിക്കുന്നത് അവിടങ്ങളിലെ ഒരു പ്രധാന റിലീസിംഗ് സീസണുമായാണ്. തെലുങ്കില്‍ സംക്രാന്തി ആണെങ്കില്‍ തമിഴില്‍ അത് പൊങ്കല്‍ ആണ്. ഇക്കുറി പൊങ്കലിന് തമിഴിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് താരങ്ങളുടെ ചിത്രങ്ങളാണ് എത്തിയത്, അതും ഒരേ ദിവസം. ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഏറ്റുമുട്ടാറുള്ള ഈ താരങ്ങളുടെ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് മത്സരം കോളിവുഡ് ഒന്നാകെ കാത്തിരുന്ന ഒന്നാണ്. തിയറ്റര്‍ വ്യവസായത്തിന് പുതിയ ഉണര്‍വ്വ് പകര്‍ന്നിരിക്കുന്ന അജിത്ത് നായകനായ തുനിവിന്‍റെയും വിജയ് നായകനായ വാരിസിന്‍റെയും ഏറ്റവും പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്ക് നല്‍കുന്ന കണക്കനുസരിച്ച് തുനിവ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 100 കോടിയിലേറെയാണ്. അതേസമയം വിജയ് നായകനായ വാരിസ് അഞ്ച് ദിനങ്ങളില്‍ നേടിയിരിക്കുന്നത് 150 കോടിയിലേറെയാണ്. വിജയ്‍യുടെ കരിയറിലെ ഏഴാമത്തെ 150 കോടി ക്ലബ്ബ് ആണ് ഇതെന്നും സിനിട്രാക്ക് അറിയിക്കുന്നു.
' @SVC_official's #Varisu strikes over ₹150 crore gross worldwide in 5 days!
'Seventh film' to achieve this feat globally for @actorvijay! pic.twitter.com/MLkR5nPdYk
— Cinetrak (@Cinetrak) January 16, 2023
ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ് ചിത്രം. രശ്മിക മന്ദാനയാണ് വിജയ്‍യുടെ നായികയായി എത്തുന്നത്. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
അതേസമയം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന തുനിവില്‍ മഞ്ജു വാര്യര്‍ ആണ് നായിക എന്നത് മലയാളികളെ സംബന്ധിച്ച് ഏറെ താല്‍പര്യമുണര്‍ത്തുന്ന ഘടകമാണ്. എച്ച് വിനോദ് ആണ് ചിത്രത്തിന്‍റെ സംവിധാനം. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.