CrimeNEWS

യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ട് മുകളില്‍ സെപ്റ്റിക് ടാങ്കും പണിതു

ഗാസിയാബാദ്: യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഗാസിയബാദ് സ്വദേശി സതീഷ് പാലിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ നീതു, കാമുകനായ ഹര്‍പാല്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഹര്‍പാലിന്റെ സുഹൃത്തായ ഗൗരവ് എന്നയാളും പ്രതിയാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

നീതുവും ഹര്‍പാലും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇരുവര്‍ക്കും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനായാണ് സതീഷിനെ കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. സതീഷ് പാലിനെ ഒരാഴ്ചയായി കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ ഛോട്ടേലാല്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്. ജനുവരി പത്താം തീയതിയാണ് ഛോട്ടേലാല്‍ സഹോദരനെ കാണാനില്ലെന്ന പരാതി നല്‍കിയത്. ഭര്‍ത്താവിനെ ദിവസങ്ങളായി കാണാതായിട്ടും ഇതുവരെ ഭാര്യ പരാതിയൊന്നും നല്‍കാത്തതിലെ അസ്വാഭാവികത പോലീസ് തുടക്കത്തിലേ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, നീതുവിനെ തുടര്‍ച്ചയായി ചോദ്യംചെയ്തിട്ടും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഇതിനിടെയാണ് കുടുംബവുമായി അടുത്തബന്ധമുള്ള ഹര്‍പാല്‍ പോലീസിന്റെ നിരീക്ഷണത്തിലായത്. ഇയാള്‍ മിക്കദിവസങ്ങളിലും സതീഷിന്റെ വീട്ടിലെത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

നീതുവിന്റെയും സുഹൃത്തായ ഗൗരവിന്റെയും സഹായത്തോടെ സതീഷിനെ കൊന്ന് കുഴിച്ചിട്ടെന്നായിരുന്നു കെട്ടിടനിര്‍മാണ തൊഴിലാളിയായ ഹര്‍പാലിന്റെ വെളിപ്പെടുത്തല്‍. സതീഷിന്റെ വീടിന് സമീപത്തായി ഹര്‍പാലും ഗൗരവും ജോലിചെയ്യുന്ന നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വളപ്പിലാണ് മൃതദേഹം കുഴിച്ചിട്ടതെന്നും ഇതിനുമുകളില്‍ പിന്നീട് സെപ്റ്റിക് ടാങ്ക് പണിതെന്നും പ്രതി വെളിപ്പെടുത്തി.

ജനുവരി രണ്ടാം തീയതിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. ഇതിനായി ഹര്‍പാല്‍ സുഹൃത്തായ ഗൗരവിന്റെ സഹായവും തേടിയിരുന്നു. രണ്ടാം തീയതി രാത്രി വീട്ടിലെത്തിയ സതീഷിന് ഭാര്യ നീതു മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കി. പിന്നാലെ ഉറങ്ങാന്‍ കിടന്ന സതീഷിനെ വീട്ടിലെത്തിയ ഹര്‍പാലും ഗൗരവും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിനുപിന്നാലെ തുണി കൊണ്ട് വീണ്ടും കഴുത്തില്‍ മുറുക്കി മരണം ഉറപ്പുവരുത്തി. മൃതദേഹം വീട്ടില്‍നിന്ന് വലിച്ചിഴച്ചാണ് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ വളപ്പിലെത്തിച്ചത്. ഇവിടെ മൃതദേഹം കുഴിച്ചിട്ടു. പിന്നീട് ഇതേസ്ഥലത്ത് കെട്ടിടനിര്‍മാണ തൊഴിലാളികളായ രണ്ടുപ്രതികളും ചേര്‍ന്ന് സെപ്റ്റിക് ടാങ്ക് പണിതെന്നും പോലീസ് പറഞ്ഞു.

ഹര്‍പാലിന്റെ മൊഴിയെത്തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് രണ്ടുപ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, ദൃശ്യം’ സിനിമയിലെ കൊലപാതകവുമായി സാമ്യമുള്ള സംഭവമാണെങ്കിലും സിനിമയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടല്ല പ്രതികള്‍ കൃത്യം നടത്തിയതെന്ന് ഡി.സി.പി. പ്രതികരിച്ചു. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.

 

 

Back to top button
error: