CrimeIndiaNEWS

വളര്‍ത്തുനായയുടെ മലമൂത്രവിസർജനത്തെച്ചൊല്ലി തര്‍ക്കം; 50 വയസുകാരനു നേരെ ആഡിഡ് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉടമയ്ക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ 50 വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി ഉത്തം നഗറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

വളര്‍ത്തുനായയുമായി ഉടമ നടക്കാനിറങ്ങിയപ്പോഴാണ് അയല്‍വാസി പ്രശ്‌നം ഉണ്ടാക്കിയത്. വളര്‍ത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ കമല്‍ 50കാരനുമായി വഴക്കിടുകയായിരുന്നു. തങ്ങളുടെ വീടിന് പുറത്ത് വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നു എന്ന് പറഞ്ഞ് കമലും കുടുംബവും പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലി കമലിന്റെ രണ്ടു മക്കള്‍ 50കാരനുമായി വഴക്കിട്ടു. അതിനിടെ വീടിന്റെ ഒന്നാം നിലയില്‍ നിന്ന് കമല്‍ 50കാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലും നായയെചൊല്ലി സംഘർഷം ഉണ്ടായിരുന്നു. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപെടുകയും ചെയ്തു. ബൈരിയ്യ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രണ്ടുവീട്ടുകാര്‍ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 55 വയസുള്ള ലാല്‍ മുനിയാണ് മരിച്ചത്. പ്രതികളുടെ കുടുംബമാണ് തെരുവുനായയെ പോറ്റിയിരുന്നത്. സംഭവ ദിവസം രാത്രി ലാല്‍ മുനി പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുമ്പോള്‍ നായ കുരച്ചു. ലാല്‍ മുനി പ്രതികളുടെ വീട്ടില്‍ പോയി പരാതിപ്പെട്ടു. കുപിതരായ വീട്ടുകാര്‍ ലാല്‍ മുനിയെ അസഭ്യം പറയാന്‍ തുടങ്ങി. തുടർന്നാണ് സംഘർഷം ഉണ്ടായത്.

Back to top button
error: