കഠ്മണ്ഡു/ലക്നൗ: നേപ്പാളിലെ പോഖരയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽപ്പെട്ട യുപി സ്വദേശിയായ സോനു ജയ്‌സ്വാൾ നേപ്പാളിൽ പോയത് ക്ഷേത്ര ദർശനത്തിന്. ആറു മാസം മുൻപ് ആൺകുഞ്ഞു പിറന്നതിനുള്ള നന്ദിസൂചകമായി കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതിനാഥ ക്ഷേത്രത്തിൽ ദർശനം നടത്താൻ പോയതായിരുന്നു സോനു ജയ്‌സ്വാൾ എന്നു ബന്ധുക്കൾ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിപുർ ജില്ലയിലെ ചക് ജൈനബ് ഗ്രാമവാസിയായ സോനു ജയ്സ്വാളിന്റെ മൂത്ത രണ്ടു മക്കൾ പെൺകുട്ടികളാണ്. ആൺകുട്ടി ഉണ്ടായാൽ പശുപതിനാഥ ക്ഷേത്രത്തിലെത്തി ദർശനം നടത്താമെന്നു സോനു നേർച്ച നേർന്നിരുന്നു. തന്റെ ആഗ്രഹം ആറു മാസം മുൻപ് സഫലമായതിനെ തുടർന്നാണ് സോനു ക്ഷേത്രദർശനത്തിനായി പോയത്.
‘സോനുവും മൂന്നു സുഹൃത്തുക്കളും ജനുവരി 10നാണ് നേപ്പാളിലേക്ക് പോയത്. ആൺകുട്ടി ഉണ്ടായതിന് പശുപതിനാഥിനെ ദർശിച്ച് നന്ദി പറയാനാണ് അദ്ദേഹം പോയത്. പക്ഷേ, വിധി അവനുവേണ്ടി മറ്റൊന്നു കരുതിവച്ചിരുന്നു’’– സോനുവിന്റെ ബന്ധുവായ വിജയ് ജയ്‌സ്വാൾ പറഞ്ഞു. സോനു സ്വന്തമായി ഒരു ബീയർ ഷോപ് നടത്തിയിരുന്നു. അലവൽപുർ ചാട്ടിയിൽ മറ്റൊരു വീടുണ്ടെങ്കിലും വാരാണസിയിലെ സാരാനാഥിലാണ് ഇവർ താമസിച്ചിരുന്നതെന്നും വിജയ് ജയ്‌സ്വാൾ പറഞ്ഞു.
അഭിഷേക് ഖുഷ്‌വാഹ (25), വിശാൽ ശർമ (22), അനിൽകുമാർ രാജ്ബർ (27) എന്നിവർക്കൊപ്പമാണ് സോനു നേപ്പാളിലേക്ക് പോയത്. ക്ഷേത്രദർശനത്തിനു ശേഷം കഠ്മണ്ഡുവിൽനിന്ന് പാരാഗ്ലൈഡിങ്ങിനായി പോഖരയിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നാണ് ഇവർ അറിയിച്ചിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സഞ്ജയ് ജയ്സ്വാൾ (30) ആണ് അപകടത്തിൽപെട്ട മറ്റൊരു ഇന്ത്യക്കാരൻ.
ഇതുവരെ 68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നു നേപ്പാൾ സൈന്യം വ്യക്തമാക്കി. അപകടത്തിൽപെട്ട കുടുംബത്തിന് ആവശ്യമായി എല്ലാ സഹായങ്ങളും നൽകുമെന്നും നേപ്പാളിലെ ഇന്ത്യൻ എംബസിയുമായി ഉൾപ്പെടെ ബന്ധപ്പെടുന്നുണ്ടെന്നും ഗാസിപുർ ജില്ലാ മജിസ്ട്രേട്ട് പറഞ്ഞു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണത്തിൽ അനുശോചനം രേഖപ്പെടുത്തി, മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്ഥാനത്ത് എത്തിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.