KeralaNEWS

”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശത്തിന്റെ വിന ഇന്നലെ നേരില്‍ കണ്ടു: മന്ത്രി അബ്ദുറഹിമാനെതിരേ പന്ന്യന്‍

തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയില്‍ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനു കാണികള്‍ കുറഞ്ഞതില്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ വിമര്‍ശിച്ച് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ വരുത്തുന്ന നഷ്ടം കെ.സി.എയ്ക്ക് മാത്രമല്ല, സര്‍ക്കാരിനു കൂടിയാണെന്ന് ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി.

പന്ന്യന്‍ രവീന്ദ്രന്റെ കുറിപ്പ്

Signature-ad

കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാന്‍ കഴിഞ്ഞവര്‍ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്മന്‍ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകള്‍ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിര്‍ഭാഗ്യത്തിന് ഒഴിഞ്ഞ ഗ്യാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മല്‍സരങ്ങള്‍ നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും.

കളിയെ പ്രോല്‍സാഹിപ്പിക്കേണ്ടവര്‍ നടത്തിയ അനാവശ്യ പരാമര്‍ശങ്ങള്‍ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്. കായിക രംഗത്തെ പരമാവധി പ്രോല്‍സാഹിപ്പിക്കുവാന്‍ ബാധ്യതപ്പെട്ടവര്‍ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുത്. വിവാദങ്ങള്‍ക്കു പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

”പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ട” എന്ന പരാമര്‍ശം വരുത്തിവച്ച വിന ഇന്നലെ നേരില്‍ കണ്ടു. നാല്‍പതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതില്‍ വന്ന നഷ്ടം കെ.സി.എക്ക് മാത്രമല്ല, സര്‍ക്കാറിനു കൂടിയാണെന്ന് പരാമര്‍ശക്കാര്‍ ഇനിയെങ്കിലൂം മനസ്സിലാക്കണം. ഇന്റര്‍നാഷനല്‍ മല്‍സരങ്ങള്‍ നഷ്ടപ്പെട്ടാല്‍ നഷ്ടം ക്രിക്കറ്റ് ആരാധകര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമാണ്.

Back to top button
error: