CrimeKeralaNEWS

വനിതാ ടി.ടി.ആറിനെ അസഭ്യം പറഞ്ഞെന്ന്, അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്; മദ്യലഹരിയിൽ മർദിച്ച പുരുഷ ടി.ടി.ആറിനെ രക്ഷിക്കാനാണ് പുതിയ കേസെന്ന് അർജുൻ 

കോട്ടയം: ട്രെയിനിലെ വനിതാ ടിക്കറ്റ് പരിശോധകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കോട്ടയം റെയില്‍വേ പൊലീസ് കേസെടുത്തു. വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ടിക്കറ്റ് പരിശോധകയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഞായറാഴ്ച രാത്രി ഗാന്ധിധാമില്‍ നിന്ന് നാഗര്‍കോവിലിലേക്ക് പോയ ട്രെയിനില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പരാതിയില്‍ പറയുന്നു.

സ്ലീപ്പര്‍ കോച്ചില്‍ ജനറല്‍ ടിക്കറ്റുമായി യാത്ര ചെയ്ത അര്‍ജുന്‍ ആയങ്കിയുടെ നടപടി ടിക്കറ്റ് പരിശോധക ചോദ്യം ചെയ്തു. ഇതേത്തുടര്‍ന്ന് ടിടിഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നാണ് പരാതി. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.

എന്നാൽ, സംഭവത്തില്‍ മറുവാദവുമായി അര്‍ജുന്‍ ആയങ്കി രംഗത്ത്. നാഗർകോവിൽ എക്സ്പ്രസ്സിലെ യാത്രക്കിടെ ടിടിഇ എസ് മധു അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും വീഡിയോ പകര്‍ത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയെന്നും അര്‍ജുന്‍ ആയങ്കി ഫേസ് ബുക്ക് കുറിപ്പില്‍ പറയുന്നു. ടിടിഇ മദ്യപിച്ചിരുന്നുവെന്നും അദ്ദേഹത്തെ രക്ഷിക്കാനാണ് വിനിതാ ടിടിഇ വ്യാജ കേസ് നല്‍കിയതെന്നും ആയങ്കി ആരോപിച്ചു. റെയില്‍വേ പോലീസും ലോക്കല്‍ പോലീസും പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ഒടുവില്‍ ട്വിറ്ററിലൂടെയാണ് റെയില്‍വേക്ക് പരാതി നല്‍കിയതെന്നും ആയങ്കി കുറ്റപ്പെടുത്തി.

ട്രെയിൻ ആയതുകൊണ്ടും അക്രമത്തെ അക്രമം കൊണ്ട് നേരിട്ടാൽ വാദി പ്രതിയായേക്കുമെന്നതുകൊണ്ടും തിരിച്ചടിക്കാതെ വിട്ടുപോയ എങ്ങോട്ടോ ഓടിമറഞ്ഞ എസ്. മധുവിനെ കണ്ടെത്താൻ നിങ്ങൾക്കെന്നെ സഹായിക്കാമോ.? എന്ന് ചോദിച്ചുകൊണ്ടാണ് അര്‍ജുന്‍ ആയങ്കി ഫേസ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്

Back to top button
error: