കൊച്ചി: ജഡ്ജിക്ക് നല്‍കാനെന്ന പേരില്‍ സിനിമാമേഖലയുമായി ബന്ധപ്പെട്ട കക്ഷിയില്‍ നിന്ന് ഹൈക്കോടതി അഭിഭാഷകന്‍ കൈക്കൂലി വാങ്ങിയെന്ന് ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറാണ് അന്വേഷണം നടത്തുന്നത്.
അടുത്തിടെ അഡ്വക്കേറ്റ്സ് അസോസിയേഷന്‍ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകനെതിരേയാണ് ആരോപണം ഉയര്‍ന്നത്. ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. രജിസ്ട്രാറുടെ കത്ത് പ്രത്യേക ദൂതന്‍ വഴി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് ഡി.ജി.പി, കൊച്ചി പോലീസ് കമ്മീഷണറെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതിയുടെ ആവശ്യപ്രകാരം ഒരു അഭിഭാഷകനെതിരേ പോലീസ് അന്വേഷണം നടത്തുന്നത്. സംഭവം ചര്‍ച്ചയായതോടെ, ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു.
ഇതില്‍ അഭിഭാഷകനെതിരേ പ്രഥമദൃഷ്ട്യാ തെളിവു കണ്ടെത്തി. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ ജഡ്ജി തന്നെ ചീഫ് ജസ്റ്റിസിന് കത്തും നല്‍കി. വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെ ചേര്‍ന്ന ഫുള്‍ കോര്‍ട്ടാണ് പോലീസ് അന്വേഷണത്തിനുവിടാന്‍ തീരുമാനിച്ചത്.