KeralaNEWS

മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം: കെ.സുരേന്ദ്രന്‍ ഒന്നാംപ്രതി

കാസര്‍ഗോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കാസര്‍ഗോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാര്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷര്‍ സുനില്‍ നായക്, ബി.ജെ.പി സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബാലകൃഷ്ണ ഷെട്ടി, ജില്ലാ സെക്രട്ടറി മണികണ്ഠ റൈ, സുരേഷ് നായക്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികള്‍.

1500 പേജുള്ള കുറ്റപത്രത്തില്‍ 120 ഓളം സാക്ഷികളുണ്ട്. ഫോണ്‍ രേഖകളും നിരവധി സര്‍ട്ടിഫിക്കറ്റുകളും കൂടെ സമര്‍പ്പിച്ചിട്ടുണ്ട്. കെ.സുരേന്ദ്രനെതിരെ പട്ടികജാതി/വര്‍ഗ അതിക്രമം തടയല്‍ വകുപ്പ് കൂടി ചേര്‍ത്ത് നേരത്തെ ക്രൈംബ്രാഞ്ച് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുന്ദരയെ തട്ടികൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നായിരുന്നു വെളിപ്പെടുത്തല്‍.ഇതിന്റെ

അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി.വി.രമേശന്‍ കാസര്‍ഗോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് കേസ്.

ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിക്കാന്‍ വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിക്കല്‍ നീണ്ടുപോയത്. അന്വേഷണം ആരംഭിച്ച് 16 മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. നിരവധി ഡിജിറ്റല്‍ രേഖകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ കാസര്‍കോട് എസ്.സി എസ്.ടി സ്‌പെഷ്യല്‍ കോടതിയിലാണ്.കുറ്റം തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ.സി.ഷുക്കൂറിനെ നേരത്തെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കേസിലെ അഞ്ചാം പ്രതിയായ കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ അഡ്വ. വി.ബാലകൃഷ്ണ ഷെട്ടി നേരത്തെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, കോടതി ഇത് തള്ളി.

 

 

Back to top button
error: