കൊച്ചി: ഹോട്ടല്‍ ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നയാള്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കി (31) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്റീരിയര്‍ ഡിസൈനര്‍ ആണ് ബേസില്‍.
ഭക്ഷണവുമായി ബന്ധപ്പെട്ട് ഹോട്ടലുകള്‍ക്കെതിരേ വരുന്ന വാര്‍ത്തകള്‍ അവസരമാക്കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. ഗൂഗിളില്‍ കയറി ഹോട്ടലുകളുടെ നമ്പര്‍ ശേഖരിച്ച് ഉടമയെ ഫോണ്‍ ചെയ്യും. വക്കീല്‍ ആണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിളിക്കുന്നത്. അവിടെനിന്ന് പാഴ്സല്‍ വാങ്ങിയെന്നും ഭക്ഷണം കഴിച്ച് തന്റെ കുട്ടി അവശനിലയില്‍ ഹോസ്പിറ്റലില്‍ ആണെന്നും മറ്റും പറയും.
പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം എറണാകുളം സരിത തിയറ്ററിനടുത്തുള്ള ഹോട്ടലിലേക്ക് ബേസില്‍ വിളിച്ചു. ഹോട്ടലില്‍ നിന്ന് വാങ്ങിയ ബിരിയാണിയില്‍ റബര്‍ബാന്‍ഡ് ഉണ്ടായിരുന്നുവെന്നും അത് കഴിച്ച തന്റെ കുട്ടിയുടെ തൊണ്ടയില്‍ റബര്‍ബാന്‍ഡ് കുടുങ്ങി ആശുപത്രിയില്‍ ആണെന്നും പറഞ്ഞു. പിന്നീട് ഇയാള്‍ ബിരിയാണിയുടെ മുകളില്‍ ഒരു റബര്‍ബാന്‍ഡ് വെച്ച് ഫോട്ടോയെടുത്ത് ഹോട്ടല്‍ ഉടമയ്ക്ക് അയച്ചുകൊടുത്തു.
ബിരിയാണി കണ്ടപ്പോള്‍ തന്റെ ബിരിയാണി അല്ല എന്ന് ഹോട്ടലുടമയ്ക്ക് മനസ്സിലായി. ബില്ല് ചോദിച്ചപ്പോള്‍ ഈ ബില്ലൊക്കെ ആരെങ്കിലും കൊണ്ട് നടക്കുമോ എന്നും കൂടുതല്‍ ഇങ്ങോട്ട് സംസാരിച്ചാല്‍ ഇത് താന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കും എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് 10,000 രൂപ ആശുപത്രി ചെലവിനായി തന്നാല്‍ ഇതില്‍ നിന്നും പിന്മാറാം എന്നും അറിയിച്ചു. ഹോട്ടലുടമ ഹോട്ടല്‍ അസോസിയേഷന്റെ ഭാരവാഹി കൂടി ആയതുകൊണ്ട് അപ്പോള്‍ തന്നെ വിവരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് കൈമാറി.
തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ ബേസില്‍ പാഴ്സല്‍ വാങ്ങി എന്ന് പറയുന്ന സമയത്ത് ബാംഗ്ലൂരില്‍ ആയിരുന്നെന്ന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാലക്കാട്, വയനാട്, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇതുപോലെ ഭീഷണിപ്പെടുത്തി പണം വാങ്ങിയതായി കണ്ടെത്തി. വിശദമായി നടത്തിയ അന്വേഷണത്തില്‍ വയനാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.