പൊക്കമില്ലായ്മയാണ് എന്റെ പൊക്കം എന്ന് തെളിയിച്ച കലാകാരനാണ് ഗിന്നസ് പക്രുവെന്ന അജയ കുമാര്‍. നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത പക്രു പ്രേക്ഷകര്‍ക്ക് എന്നും പ്രിയങ്കരന്‍ ആണ്. ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് പക്രു കൈരളി ടിവിയോട് മുമ്പ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”ഞാന്‍ അഭിനയിക്കുമ്പോള്‍ എന്റെ കൂടെ വരുന്ന ചെറിയ ആര്‍ട്ടിസ്റ്റ് ആയാലും വലിയ ആര്‍ട്ടിസ്റ്റ് ആയാലും അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനും അവരില്‍ നിന്നും മനസ്സിലാക്കാനും ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ഒരു വാക്ക് ആയിരിക്കും നമ്മളെ ഏറ്റവും കൂടുതല്‍ ഇന്‍സ്‌പൈര്‍ ചെയ്യുന്നത്. അങ്ങനെ മാനസികമായി എനിക്ക് ഏറ്റവും കൂടുതല്‍ അടുപ്പം തോന്നിയത് ബഹദൂര്‍ക്കയോട് ആണ്.
‘ജോക്കര്‍’ സിനിമയില്‍ തുടക്കം മുതല്‍ അവസാനം വരെ ഞങ്ങള്‍ രണ്ട് പേരുമുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ഞങ്ങള്‍ക്ക് ഷൂട്ടും ഉണ്ടാവാറില്ല. ആ ദിവസങ്ങളില്‍ ഞാന്‍ ബഹദൂര്‍ക്കയുടെ കൂടെ പോയിരിക്കും. ചില സമയത്ത് എന്റെ പ്രായത്തിലേക്ക് അദ്ദേഹം വരും. അദ്ദേഹത്തിന്റെ പഴയ സിനിമാ വിശേഷങ്ങള്‍ പറഞ്ഞ് തരും. അദ്ദേഹം പറഞ്ഞ് തന്ന ഒരു കാര്യം ആണ് നീ കല്യാണം കഴിക്കണം, കുടുംബം ഉണ്ടാവണമെന്ന്. നീ നിന്നെ പോലെ ഒരു കുട്ടിയെ വിവാഹം കഴിക്കരുത്. നല്ല ഉയരമുള്ള കുട്ടിയെ വിവാഹം കഴിക്കണം. ഒരു കുട്ടിയുണ്ടാവും. ആ കുട്ടിയെ നീ പഠിപ്പിക്കാവുന്ന അത്രയും പഠിപ്പിക്കണം.
അങ്ങനെ ഒരു മകനെ അല്ലെങ്കില്‍ കൊച്ചുമോനോടെന്ന പോലെ അത്രത്തോളം സ്‌നേഹ വാത്സല്യങ്ങളോടെ പറഞ്ഞ് തന്നു, അദ്ദേഹം പിന്നെ പറഞ്ഞത് തമിഴ് സിനിമയില്‍ അഭിനയിക്കണം എന്നാണ്. തമിഴില്‍ ഒരുപാട് സാധ്യത ഉണ്ട്. നിന്നെ ഞാന്‍ രജനീകാന്തുമായി പരിചയപ്പെടുത്തി തരാം അദ്ദേഹം എന്റെ വളരെ അടുത്ത സുഹൃത്ത് ആണെന്നും. ജോക്കര്‍ സിനിമയുടെ റിലീസിന് മുന്നേ തന്നെ ബഹദൂര്‍ക്ക നമ്മളെ വിട്ട് പിരിഞ്ഞ് പോയി. അതെന്റെ മനസ്സില്‍ ഭയങ്കരമായി സ്പര്‍ശിച്ചു.
ഇത് പോലെ പല സുഹൃത്തുക്കളും എന്നെ ഉപദേശിച്ചിട്ടുണ്ട്. അതൊക്കെ എന്റെ മനസ്സില്‍ ഉണ്ട്. അതായിരിക്കുമല്ലോ പിന്നീട് ഉപകാരപ്പെടുന്നത്. സ്വാധീനിച്ച മറ്റൊരു വ്യക്തി അമ്പിളി ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) ആണ്. ‘അമ്പിളി അമ്മാവന്‍’ എന്ന സിനിമയില്‍ എന്റെ അച്ഛനായാണ് അദ്ദേഹം അഭിനയിച്ചത്.
അന്ന് ഞാന്‍ അഞ്ചിലോ ആറിലോ ആണ്. അന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍ എന്റെ മനസ്സില്‍ ഉണ്ട്. സംവിധായകന്‍ പറയുന്നത് ശ്രദ്ധിക്കുക എന്ന് വളരെ സ്‌നേഹത്തോടെ അദ്ദേഹം പറഞ്ഞു. അത് കഴിഞ്ഞ് ഞാന്‍ പ്രധാന കഥാപാത്രം ചെയ്യുന്ന അത്ഭുത ദ്വീപില്‍ എന്റെ അമ്മാവനായാണ് അദ്ദേഹം അഭിനയിച്ചത്. ഹീറോയുടെ രീതിയില്‍ എങ്ങനെയാണ് നില്‍ക്കേണ്ടത് എന്നൊക്കെ അദ്ദേഹം എനിക്ക് മാറി നിന്ന് പറഞ്ഞ് തരുമായിരുന്നു.
അദ്ദേഹം വെല്ലൂരായിരുന്ന സമയത്ത് ഞാനദ്ദേഹത്തെ ചെന്ന് കണ്ടു. കണ്ട സമയത്ത് അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യമാണ്” ഗിന്നസ് പക്രു പറഞ്ഞു.