കോതമംഗലം: പുതുവത്സരാഘോഷത്തിന്റെ കടംവീട്ടാന്‍ മോഷണം നടത്തിയ നാല് പേര് പിടിയില്‍. മോഷ്ടിച്ച റബ്ബര്‍ഷീറ്റും ഒട്ടുപാലും വില്‍പ്പന നടത്താനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.
ചേലാട് കരിങ്ങഴ ഭാഗത്ത് മഠത്തില്‍ സജിത്ത് (20), നെല്ലിക്കുഴി കമ്പനിപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പിണ്ടിമന മന്നാംമലയില് ഗോകുല്‍ (20) എന്നിവരെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടു പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ശനിയാഴ്ചയാണ് സംഭവം. പൈമറ്റം സ്വദേശിയുടെ വീടിനടുത്തുള്ള സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുപ്പത് കിലോ റബ്ബര്‍ ഷീറ്റും നെടുംപാറ സ്വദേശിയുടെ റബ്ബര്‍ത്തോട്ടത്തിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന 42 കിലോ ഒട്ടുപാലുമാണ് മോഷ്ടിച്ചത്. ഊന്നുകലിലെ കടയില്‍ ഒട്ടുപാല് വില്‍ക്കാനുള്ള ശ്രമത്തിനിടെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ട് പോലീസില്‍ അറിയിക്കുകയായിരുന്നു.
പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരെ കാക്കനാട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.