KeralaNEWS

സി.പി.എം. പ്രാദേശിക നേതൃത്വവുമായി ഭിന്നത; കുട്ടിസഖാകൾ രണ്ടും കൽപ്പിച്ച്! രാജിക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവർത്തകർ

പള്ളിക്കത്തോട്: സി.പി.എം. പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നു രാജിയ്‌ക്കൊരുങ്ങി ഒരു വിഭാഗം ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. പ്രവർത്തകർ. കഴിഞ്ഞ മാസം ഗവ. ഐ.ടി.ഐയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളാണ് പാർട്ടിക്കുള്ളിൽ കലഹത്തിനു കാരണമായിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യം ഐ.ടി.ഐയിലെ ജീവനക്കാർക്കു നേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ കോളജിലെ എസ്.എഫ്.ഐ. പ്രവർത്തകരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ, സംഭവത്തിൽ ഉൾപ്പെട്ട പ്രാദേശിക നേതാവിന്റെ മകനെ ഒഴിവാക്കിയാണ് അറസ്റ്റ് ഉൾപ്പെടെ നടന്നതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ഉൾപ്പെടാത്തവർ പോലും പ്രതികളായെന്നും ഇവർ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് അനുകൂലമായി നടപടി സ്വീകരിക്കാനോ കാര്യങ്ങൾ എന്തെന്നു ചോദിച്ചു മനസിലാക്കാനോ പോലും പ്രാദേശിക നേതൃത്വത്വം മുൻകൈയെടുത്തില്ലെന്നും ഇവർ ആരോപിക്കുന്നു.

Signature-ad

ഇതോടെയാണ്, മേൽഘടകങ്ങളിൽ സ്വാധീനമുള്ള പ്രാദേശിക നേതാവിനെതിരേ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ആരോപണവിധേയനായ നേതാവ് നേതൃസ്ഥാനത്തുള്ള കമ്മിറ്റികളിൽ ഉൾപ്പെടാൻ താൽപ്പര്യമില്ലെന്ന് ആരോപിച്ച് പാർട്ടി വിടാൻ ഒരുങ്ങുകയാണ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. എന്നാൽ, മകന്റെ ജോലിയുമായി ബന്ധപ്പെട്ടു സമർദം ചെലുത്തി തനിക്കെതിരേ മനപൂർവം ആരോപണം ഉന്നയിക്കുകയാണെന്നാണ് നേതാവിന്റെ വാദം. ഏതായാലും പാർട്ടിയിൽ പ്രശ്‌നത്തിന്റെ പേരിൽ രൂക്ഷമായ ചേരിതിരിവു രൂപപ്പെട്ടിരിക്കുകയാണ്.

Back to top button
error: