കോഴിക്കോട് കോർപറേഷൻ ഓഫീസിൽ ഡ്യൂട്ടി സമയത്ത് മദ്യപിച്ച ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. കോർപറേഷൻ ഓഫിസിലെ ടൗൺ സർവേ വിഭാഗത്തിലെ ചെയിൻമാൻ രാജേഷാണ് പിടിയിലായത്. ഓഫീസ് പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽനിന്ന് പരാതി ഉയർന്നതോടെയാണ് വിജിലൻസ് വിഭാഗം വൈകീട്ടോടെ പരിശോധനക്കെത്തിയത്.
ഇൻസ്പെക്ടർ സി. ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടെ മദ്യലഹരിയിൽ രാജേഷിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ടൗൺ പൊലീസിന് കൈമാറി. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു.
കോർപറേഷൻ പരിധിയിലെ വിവിധ ഭൂമികൾ സർവേ ചെയ്യുന്ന വിഭാഗമാണിത്. ഓഫീസിലെ ഫയലുകൾ പരിശോധിച്ചതിൽ 2018 മുതലുള്ള ഇരുന്നൂറിലേറെ സർവേ അപേക്ഷകളിൽ നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തി. മാത്രമല്ല ഓഫിസിൽ സൂക്ഷിക്കേണ്ട പല രജിസ്റ്ററുകളും ചിട്ടയോടെയല്ല സൂക്ഷിച്ചിരിക്കുന്നത്. മറ്റു പല ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. പരിശോധന റിപ്പോർട്ടിന്മേൽ ഉടൻ വകുപ്പുതല നടപടിയുണ്ടാകും. എ എസ് ഐമാരായ ഗിരീഷ്, പ്രകാശൻ, സാബു, സി. പി ഒ രോഹിത് എന്നിവരടങ്ങുന്ന സംഘമാണ് ഓഫീസിൽ പരിശോധന നടത്തിയത്.