Movie

സത്യൻ അന്തിക്കാട് ചിത്രം ‘പൊന്മുട്ടയിടുന്ന താറാവ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം

സിനിമ ഓർമ്മ

    മലയാളികളെ ചിരിക്കാനും ചിന്തിപ്പിക്കാനും തന്നിലേയ്ക്ക് നോക്കി ആത്മവിമർശനം നടത്താനും പ്രേരിപ്പിക്കുന്ന പഴയകാല സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊന്ന് ‘പൊന്മുട്ടയിടുന്ന താറാവ്’ റിലീസ് ചെയ്‌തിട്ട് ഇന്ന് 34 വർഷം. മലയാളികളുടെ സ്വർണ്ണഭ്രമം, ഗൾഫ് പ്രേമം, സ്വന്തം കാര്യം സാധിക്കാൻ ഉറ്റവരെ തള്ളിപ്പറയൽ തുടങ്ങിയ പച്ച യാഥാർഥ്യങ്ങങ്ങൾ തുറന്നു കാട്ടുന്ന ഈ ചിത്രത്തിന്റെ രചന രഘുനാഥ് പലേരി. ശ്രീനിവാസനാണ് കേന്ദ്ര കഥാപാത്രത്തിന് ജീവൻ പകർന്നത്. ജയറാം, ഉർവ്വശി, ഇന്നസെന്റ്, ശാരി തുടങ്ങിയവരാണ് മറ്റ് പ്രധാനതാരങ്ങൾ.

Signature-ad

ഉർവ്വശിയെ ഇഷ്ടപ്പെടുന്ന തട്ടാനാണ് ശ്രീനിവാസന്റെ കഥാപാത്രം. ഉർവ്വശിയുടെ അച്ഛൻ വേഷം ചെയ്‌ത ഇന്നസെന്റ് ആ ബന്ധം സമ്മതിക്കാഞ്ഞതിനാൽ ഒരു സ്വർണ നെക്‌ലേസ് സമ്മാനമായി വാങ്ങുകയാണ് നായിക. അച്ഛൻ അതിൽ പ്രീതനായില്ലെന്ന് മാത്രമല്ല, നെക്‌ലേസ് കൈക്കലാക്കുകയും ജയറാം എന്ന ഗൾഫ്‌കാരന് മകളെ വിവാഹം കഴിച്ചു കൊടുക്കുകയും ചെയ്‌തു. വിധി തിരിഞ്ഞു കളിക്കുമല്ലോ. ജയറാമും, ഒപ്പം നാട്ടുകാരും, ആ സ്വർണ നെക്ലേസിന്റെ പരമാർത്ഥം അറിയുന്നതാണ് ശിഷ്ട കഥ.

ഒഎൻവി-ജോൺസൺ ടീമിന്റെ ഹൃദയസ്പർശിയായ രണ്ട് ഗാനങ്ങളുണ്ടായിരുന്നു (കുന്നിമണിച്ചെപ്പ്, തീയിലുരുക്കി). ‘ആരണ്യകം’ നിർമ്മിച്ച ബി ശശികുമാറിന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭമായിരുന്നു ‘പൊന്മുട്ടയിടുന്ന താറാവ്.’ ചിത്രത്തിന് ആദ്യം നൽകിയ പേര് വിശ്വകർമ്മ സംഘടനയുടെ എതിർപ്പ് മൂലം മാറ്റി. ഹിന്ദിയിൽ ചിത്രം റീമേയ്ക്ക് ചെയ്‌തെങ്കിലും മലയാളത്തിലെപ്പോലെ ജനപ്രിയമായില്ല.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: