KeralaNEWS

വിവാഹ സത്കാരം കണ്ണീരില്‍ മുങ്ങി; സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിച്ച ഗൃഹനാഥന് തല കുടുങ്ങി ദാരുണാന്ത്യം

കോഴിക്കോട്: വിവാഹ സത്കാരത്തിന് എത്തിയയാള്‍ ഓഡിറ്റോറിയത്തിലെ സര്‍വീസ് ലിഫ്റ്റില്‍ തല കുടുങ്ങി മരിച്ചു. കോഴിക്കോട് കൂടത്തായിയിലാണ് ദാരുണ സംഭവം. ലിഫ്റ്റിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. കൂടത്തായി ചക്കികാവ് പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍ (53) ആണ് മരിച്ചത്.

അയല്‍വാസിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് ദാസന്‍ കൂടത്തായിയിലെ ഓഡിറ്റോറിയത്തില്‍ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ സദ്യയ്ക്ക് ആവശ്യമായ പപ്പടവുമായി മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്ന സര്‍വീസ് ലിഫ്റ്റില്‍ ചാടിക്കയറാന്‍ ശ്രമിക്കവേ തെന്നി വീണ് സമീപത്തെ ഇരുമ്പ് കമ്പിക്കും ചങ്ങലയ്ക്കിടയിലും ദാസന്റെ തല കുടുങ്ങുകയായിരുന്നു.

Signature-ad

അതിനിടെ ലിഫ്റ്റ് ഉയര്‍ന്നു തുടങ്ങിയിരുന്നു. ഒരാള്‍ പൊക്കത്തില്‍ ഉയര്‍ന്ന ലിഫ്റ്റ് ഉടന്‍ തന്നെ താഴെയിറക്കി. ഗുരുതരമായി പരുക്കേറ്റ ദാസനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓഡിറ്റോറിയത്തിലെ സദ്യക്കാവശ്യമായ വിഭവങ്ങള്‍ മുകളിലെത്തിക്കാന്‍ ഉപയോഗിക്കുന്ന സര്‍വീസ് ലിഫ്റ്റിന് മറ്റ് ലിഫ്റ്റുകളുടെ സുരക്ഷാ സൗകര്യങ്ങളില്ല. സംഭവത്തില്‍ കോടഞ്ചേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭാര്യ: അജിത. മക്കള്‍: ആദില്‍ഷ, ആജിന്‍ഷ. മരുമകന്‍: സുജീഷ്.

 

 

Back to top button
error: