CrimeNEWS

പൊന്നാനിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റയാളുടെ പക്കല്‍ ഒന്നേകാല്‍ കിലോ കഞ്ചാവ്; ചികിത്സയിലായിരുന്ന പ്രതി അറസ്റ്റില്‍

മലപ്പുറം: പൊന്നാനിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് ഗുരുതര പരുക്കേറ്റയാളുടെ പക്കല്‍ ഒന്നേക്കാല്‍ കിലോ കഞ്ചാവ്. സംഭവത്തില്‍ പൊന്നാനി സ്വദേശി കല്ലൂക്കാരന്റെ വീട്ടില്‍ ശിഹാബിനെ (34) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്‍പതാം തീയ്യതി വെള്ളിയാഴ്ച പുലര്‍ച്ചെ 12 മണിയോടെ എടപ്പാള്‍ ജംഗ്ഷനിലെ പൊന്നാനി റോഡിലാണ് സംഭവം. കഞ്ചാവുമായി സ്‌കൂട്ടറില്‍ എത്തിയ യുവാവ് പോലീസിനെ കണ്ടതോടെ അമിത വേഗതയില്‍ ഓടിച്ചതോടെ സ്‌കൂട്ടര്‍ അപകടത്തില്‍ പെടുകയായിരുന്നു. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാള്‍ മുന്‍പും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി മയക്കുമരുന്ന് വില്‍പ്പന കേസുകളില്‍ പ്രതിയായ കീഴാറ്റൂര്‍ വടക്കുംതലയിലെ എരുകുന്നത്ത് പ്രദീപിനെ കഴിഞ്ഞ ദിവസം കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു.

Signature-ad

ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന്റെ സ്പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. പ്രദീപിനെതിരേ മേലാറ്റൂര്‍, കരുവാരകുണ്ട്, പെരിന്തല്‍മണ്ണ, മഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധികളിലായി കഞ്ചാവ് വില്‍പ്പന നടത്തിയതിനും കൈവശം വെച്ചതിനുമായി 11 ഓളം കേസുകളും ഒരു മോഷണ കേസും നിലവിലുണ്ട്. മഞ്ചേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് കേസുകളിലായി 10 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം മലപ്പുറം എക്സൈസില്‍ 2.50 കിലോഗ്രാം കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം വെച്ചതിനും പ്രദീപിനെതിരെ കേസുണ്ട്. വലിയ അളവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രദീപിനെ ഒരു വര്‍ഷത്തേയ്ക്കാണ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.

 

Back to top button
error: