കോട്ടയം: ഈരാറ്റുപേട്ട – വാഗമൺ റോഡിന്റെ നിർമ്മാണം സംബന്ധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ഹൈക്കോടതി പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയിൽ കോടതി ആശ്ചര്യം രേഖപ്പെടുത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ.
2016-ൽ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 63.99 കോടി രൂപ അനുവദിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ പ്രസ്തുത റോഡ് നവീകരിക്കാൻ അനുമതി ലഭിച്ചെങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലുണ്ടായ കാലതാമസം മൂലം പദ്ധതി നടപ്പിലാക്കാൻ സാധിക്കാതെ വന്നു. ഈ സാഹചര്യത്തിലാണ് റോഡിന്റെ ടാറിങ് പ്രവർത്തികൾക്കായി 19.90 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതും.
15/02/2022-ൽ നിർമ്മാണം ഏറ്റെടുത്ത കരാർ കമ്പനി 24/08/2022 ന് മുൻപായി നിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാറെങ്കിലും നാളിതുവരെയായും നിർമ്മാണം പൂർത്തീകരിക്കാനുള്ള യാതൊരു നടപടിയും കരാറുകാരനിൽ നിന്നും ഉണ്ടായിട്ടില്ല. കാലാവസ്ഥ അനുകൂലമായ ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിൽ നിർമ്മാണം നടത്തിയില്ലെങ്കിൽ ഒരു വർഷക്കാലം കൂടി റോഡിന്റെ അവസ്ഥ ശോചനീയമായി തുടരുകയും ഇതുവഴിയുള്ള ഗതാഗതം നിർത്തിവയ്ക്കേണ്ടതായി വരുകയും ചെയ്യും.
വിനോദസഞ്ചാരികളും, വിദ്യാർത്ഥികളും, ആശുപത്രി ആവശ്യങ്ങൾക്കും മറ്റുമായി നിരവധി ആളുകളും സഞ്ചരിക്കുന്ന സംസ്ഥാനപാത നിലവിൽ അത്യന്തം ശോചനീയാവസ്ഥയിലാണ്. ഉടൻ റോഡ് നിർമാണം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ ഷോൺ ജോർജ് ആവശ്യപ്പെട്ടിട്ടുള്ളത്.