IndiaNEWS

കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് രാഹുലിനോട് വീണ്ടും കേന്ദ്രം, നിർബന്ധമാക്കിയാൽ മാസ്ക് വെക്കാമെന്നു ജയറാം രമേശ്‌

ബി എഫ്- 7 കോവിഡ് വൈറസ് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നാവർത്തിച്ച് കേന്ദ്ര സർക്കാർ. അതേസമയം, കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാൻ കൊവിഡിനെ കൂട്ടുപിടിക്കുന്നുവെന്ന് കോൺഗ്രസ്‌ നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയെ ജനം ഏറ്റെടുത്തതിലുള്ള അമർഷമെന്ന് കനയ്യ കുമാറും വിമർശിച്ചു. കോവിഡ് മാനദണ്ഡം പഠിക്കണമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യയും ആവശ്യമുന്നയിച്ചിരുന്നു.

മാസ്ക് നിർബന്ധമാക്കുകയാണെങ്കിൽ അനുസരിക്കുമെന്നു ജയറാം രമേശ് പറഞ്ഞു. രാജ്യത്തെ സാഹചര്യത്തെ അട്ടിമറിക്കാനില്ല. ജോഡോ യാത്രയിലുള്ള എല്ലാവരും നാളെ മുതൽ മാസ്ക് ധരിക്കും. ഇന്ന് കുറച്ച് പേർ മാസ്ക് വച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി നോട്ടീസ് നൽകുമെന്ന് മുൻകൂട്ടി അറിഞ്ഞില്ല. എല്ലാവരുടെയും കൈയിൽ മാസ്ക് ഇല്ലായിരുന്നു. സാമൂഹിക അകലം പാലിക്കണമെങ്കിൽ അങ്ങനെയും ചെയ്യാം. വിവാദം അനാവശ്യമെന്നും ജയറാം രമേശ് പറഞ്ഞു.

Signature-ad

എന്നാൽ കൊവിഡുമായി ബന്ധപ്പെട്ട് ഒരു മാർഗനിർദ്ദേശമോ, പെരുമാറ്റചട്ടമോ നിലവിൽ ഇല്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ചൈനയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നടക്കുന്നത് നാടകമാണ്. ഭാരത് ജോഡോ യാത്രയെ ഡൽഹിയിൽ കയറ്റാതിരിക്കാനുള്ള അടവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ ഭാരത് ജോഡോ യാത്ര നിർത്തി വയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാരായ പ്രൾഹാദ് ജോഷിയും, അനുരാഗ് താക്കൂറും ആവശ്യപ്പെട്ടിട്ടുണ്ട്. ബദര്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്ററാണ് ഇന്നത്തെ ഭാരത് ജോഡോ യാത്രാ പര്യടനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ഇപ്പോള്‍ യാത്ര പുരോഗമിക്കുന്നത്. അതേസമയം വിദേശരാജ്യങ്ങളിലെ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി രാജ്യത്തെ ജാഗ്രത കൂട്ടുകയാണ് കേന്ദ്രസർക്കാർ.

 

Back to top button
error: