IndiaNEWS

കാഴ്ച മറച്ച് കനത്ത ​മൂടൽമഞ്ഞ്, വലഞ്ഞ് ഉത്തരേന്ത്യ; ഹരിയാനയിൽ കൂട്ടിയിടിച്ചത് 22 വാഹനങ്ങൾ, 12 പേർക്കു പരുക്ക്

ചണ്ഡീഗഢ്: ​ശൈത്യകാലമായതോടെ കനത്ത മൂടൽ മഞ്ഞിൽ വലയുകയാണ് ഉത്തരേന്ത്യ. കാഴ്ചമറച്ച് റോഡുകളിൽ മൂടൽമഞ്ഞ് നിറഞ്ഞതോടെ അ‌പകടങ്ങളും വർധിച്ചു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹരിയാണയിലെ യമുനാനഗറിലെ അംബാല-സഹാരൺപുർ ഹൈവേയിലാണ് ഏറ്റവുമൊടുവിൽ അപകടപരമ്പരയുണ്ടായത്. കാഴ്ച മറഞ്ഞതിനെ തുടർന്ന് 22 വാഹനങ്ങൾ കൂട്ടിയിടിക്കുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെയാണ് സംഭവം. പഞ്ചാബിൽനിന്ന് സഹാരൺപുറിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് തമ്മിൽതമ്മിൽ കൂട്ടിയിടിച്ചത്.

മൂടൽമഞ്ഞ് കനത്തോടെ റോഡിൽ കാഴ്ചകൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയായിരുന്നു. തുടർന്ന് അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വളരെപ്പതുക്കെയാണ് മുന്നോട്ടു പോയിരുന്നത്. എന്നാൽ കൂട്ടിയിടിച്ച പല വാഹനങ്ങളും പൂർണമായും തകർന്ന നിലയിലാണെന്നും പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റെന്നും ട്രാഫിക് എസ്.എച്ച്.ഒ. ലുകേഷ് കുമാർ പറഞ്ഞു. അപകടങ്ങൾക്ക് പിന്നാലെ പോലീസ് ഉടൻ സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും റോഡിൽനിന്ന് വാഹനങ്ങൾ നീക്കുകയും ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകടത്തെ തുടർന്ന് ആർക്കും ജീവൻ നഷ്ടപ്പെട്ടില്ലെങ്കിലും നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകടങ്ങൾ ഹൈവേയിൽ ദീർഘനേരത്തെ ഗതാഗതതടസ്സത്തിനും വഴിവെച്ചു.

Back to top button
error: