IndiaNEWS

പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും സദാചാര പൊലീസാകരുതെന്ന് സുപ്രീംകോടതി; സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചു

ഡൽഹി: പോലീസ് ഉദ്യോഗസ്ഥർ ഒരിക്കലും സദാചാര പൊലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതു തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുജറാത്തിൽ സദാചാര പോലീസിന്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതിയുടെ ഈ ഉത്തരവ്.
2001 ഒക്ടോബർ 26ന് നടന്ന സംഭവത്തിലാണ് കോടതി വിധി. സി.ഐ.എസ്.എഫ് കോൺസ്റ്റബിളായിരുന്ന സന്തോഷ് കുമാർ പാണ്ഡെ രാത്രി ഡ്യൂട്ടിക്കിടെ മഹേഷ് ബി. ചൗധരിയെന്ന യുവാവിനെയും പ്രതിശ്രുത വധുവിനെയും തടഞ്ഞുനിർത്തി. ഗുജറാത്തിലെ വഡോദരയിലെ ഐ.പി.സി.എൽ ടൗൺഷിപ്പിലെ ഗ്രീൻബെൽറ്റ് ഏരിയയിലാണ് സംഭവം നടന്നത്. മഹേഷും യുവതിയും ബൈക്കിൽ പോകവേയാണ് പാണ്ഡെ തടഞ്ഞുനിർത്തിയത്.
പാണ്ഡെ യുവതിക്കൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു. എതിർത്തതോടെ പാണ്ഡെ തന്നോട് എന്തെങ്കിലും തരാൻ ആവശ്യപ്പെട്ടെന്നും താൻ ധരിച്ചിരുന്ന വാച്ച് നൽകിയെന്നും മഹേഷ് പരാതിയിൽ വ്യക്തമാക്കി. മഹേഷ് നൽകിയ പരാതിയിൽ പാണ്ഡെക്കെതിരെ അന്വേഷണം നടത്തി പിരിച്ചുവിടാൻ തീരുമാനമായി. പിന്നാലെ സന്തോഷ് കുമാർ പാണ്ഡെ നൽകിയ ഹരജി പരിഗണിച്ച ഗുജറാത്ത് ഹൈകോടതി, 2014 ഡിസംബർ 16ന് പാണ്ഡെയെ ജോലിയിൽ തിരിച്ചെടുക്കാൻ ഉത്തരവിട്ടു. ഈ ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്.

Back to top button
error: