FoodLIFELife Style

ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുൻപിൽ; നായ്ക്കളെപ്പോലെ വിശ്വസിക്കാം, വളർത്താം വാത്തയെ 

നുഷ്യരുടെ സന്തതസഹചാരിയും വിശ്വസ്ഥനായ കാവല്‍ക്കാരനും എന്ന ഖ്യാതി നേടിയ മൃഗമാണ് നായ. എന്നാല്‍ വളര്‍ത്ത് പക്ഷികളുടെ കൂട്ടത്തില്‍ നായയുടെ ഗുണമേന്മയുള്ള പക്ഷിയാണ് ‘ഗൂസ് ‘ അല്ലെങ്കില്‍ വാത്ത. ‘വാത്തകളുടെ ശബ്ദകോലാഹലം റോമന്‍ സാമ്രാജ്യത്തത്തെ രക്ഷിച്ചു എന്നൊരു പഴമൊഴിയുണ്ട്’. പക്ഷികളില്‍ ബുദ്ധി കൂര്‍മതയിലും ഓര്‍മ്മ ശക്തിയിലും മുന്‍പന്തിയിലുള്ള വാത്തകള്‍ക്ക് ഉടമസ്ഥരേയും അപരിചിതരെയും വേര്‍തിരിച്ചറിയാം. അപരിചിതര്‍, ഇഴജന്തുക്കള്‍ എന്നിവയെ കണ്ടാല്‍ ഇവ ഉച്ചത്തില്‍ ബഹളമുണ്ടാക്കുകയും കൊത്തിയോടിക്കുകയും ചെയ്യും. ഈ പ്രത്യേകതകള്‍ കൊണ്ട് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ പക്ഷിയാണ് വാത്ത. മഞ്ഞ നിറത്തിലുള്ള കൊക്കും കാലുകളും വെള്ള തൂവല്‍ പൊതിഞ്ഞ ശരീരവും നീണ്ട കഴുത്തും കുണുങ്ങിയുള്ള നടത്തവും, അരയന്നങ്ങളെ പോലെ നീന്താനുള്ള കഴിവും, വളര്‍ത്ത് പക്ഷികളുടെ ഇടയില്‍ വാത്തകളെ വ്യത്യസ്ഥരാക്കുന്നു. വാതകള്‍ക്ക് 20 മുതല്‍ 60 വയസ്സ് വരെ ആയുര്‍ദൈര്‍ഘ്യമുണ്ട്. സാധാരണ കോഴികളെ ബാധിക്കുന്ന അസുഖങ്ങളൊന്നും വാത്തകളെ ബാധിക്കാറില്ല.

വിവിധ ജനുസുകള്‍

Signature-ad

വാത്തകളെ ശരീരഭാശരീര ഭാരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാനമായും മൂന്നായി തരം തിരിക്കാം.

ഭാരം കൂട്ടിയവ, ഇടത്തരം, ഭാരം കുറഞ്ഞവ. ഭാരം കൂടിയ ഇനങ്ങളായ എംഡന്‍, ടോളുസ്സി, ആഫ്രിക്കന്‍ ഗൂസ് എന്നിവ നമ്മുടെ നാട്ടില്‍ വിരളമാണ്. അമേരിക്കന്‍ ബഫ് ഗൂസ്, പില്‍ഗ്രിം, സെബാസ്റ്റപ്പോള്‍, പോമറേനിയന് എന്നിവ ഇടത്തരക്കാരാണ്. ഭാരം കുറഞ്ഞ ഇനത്തില്‍ ഏറ്റവും പ്രചാരമുള്ള ഇനമാണ് ചൈനീസ് ഗൂസ്സ്. ഇത് കൂടാതെ ടഫ്റ്റഡ് റോമന്‍ ഗൂസ്, കാനഡ ഗൂസ്, ഈജിപ്ഷ്യന്‍ ഗൂസ് എന്നി വേറെയ്റ്റികളും നിലവിലുണ്ട്.

ചൈനീസ് ഗൂസ്

നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇനമാണ് ചൈനീസ് വാത്ത. ഓമന പക്ഷിയായും ഇറച്ചിക്കും മുട്ടക്കും ഇവയെ വളര്‍ത്തുന്നു. ധാരാളം മുട്ടയിടുന്ന ഇവയില്‍ തന്നെയുള്ള രണ്ട് വെറൈറ്റികളാണ് വെള്ള ചൈനീസ് വാത്തയും ബ്രൗണ്‍ ചൈനീസ് വാത്തയും. തൂവെള്ള നിറവും ഓറഞ്ച് നിറത്തിലുള്ള കൊക്കുകളും കാലുകളുമാണ് വെള്ള ചൈനീസ് വാത്തയുടെ പ്രത്യേകത. ചാര നിറത്തിലുള്ള തൂവലുകളും കറുത്ത കൊക്കും കാലുകളുമാണ് ബ്രൗണ്‍ ചൈനീസ് വാത്തക്ക്. വെള്ള ചൈനീസ് വാത്തയുടെ പൂവന് മേല്‍ചുണ്ടിനു പുറകിലായി തലയുടെ മുകളില്‍ ‘നോബ്’ എന്ന മുഴയും പിടയേക്കാള്‍ വലിയ തലയുമുണ്ട്. പൂവന് അഞ്ചു കിലോയും പിടക്ക് നാല് കിലോയും തൂക്കം വരും.

വാത്ത വളര്‍ത്തല്‍

വാത്തകളെ ഇറച്ചിക്കും മുട്ടക്കും അലങ്കാരത്തിനും വളര്‍ത്താം. വാത്ത ഇറച്ചി, നല്ല രുചിയുള്ളതും, പോഷകസമൃദ്ധവും, എളുപ്പം ദഹിക്കുന്നതുമാണ്. വളരെ വേഗം വളരുന്ന ഇവയെ നന്നായി പരിപാലിച്ചാല്‍ 10 ആഴ്ച്ചകൊണ്ട് അഞ്ച് കിലോവരെ ശരീരഭാരം ലഭിക്കും. 14ാമത്തെ ആഴ്ച്ച വില്‍പ്പനക്ക് പാകമാകും. ഒരു കിലോ ശരീരഭാരം ലഭിക്കാന്‍ 2.25 കി. ഗ്രാം തീറ്റ വേണ്ടി വരും. മുട്ടക്കായി വളര്‍ത്തുകയാണെങ്കില്‍, ഒരു വര്‍ഷം 50-80 മുട്ട വരെ ലഭിക്കും. വാത്ത മുട്ട കോഴിമുട്ടയെക്കാള്‍ മുന്നിരട്ടി വലുപ്പമുള്ളതും പോഷകസമൃദ്ധവുമാണ്. 150 ഗ്രാം ശരാശരി തൂക്കം വരുന്ന മുട്ടക്ക് 18 – 20 രുപ വില വരും. ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് മുട്ടയിടുന്ന സീസണ്‍. മൂന്ന് വയസ്സ് വരെ മുട്ടയുല്‍പ്പാദനം വര്‍ധിച്ചു വരുകയും അതിന് ശേഷം നേരിയ കുറവ് അനുഭവപ്പെടും. ഒന്നിടവിട്ട ദിവസങ്ങളിലാണ് വാത്ത മുട്ടയിടുക.

സ്ഥല തെരഞ്ഞെടുപ്പും കൂടുണ്ടാക്കലും

ജലവും ജലകേളികളും സ്വാഭാവികമായി ഇഷ്ടപ്പെടുന്ന പക്ഷി ആയതിനാല്‍ വളര്‍ത്തലിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോള്‍, സ്വാഭാവിക ജലാശയങ്ങളോ തോടുകളോ ഉള്ള സ്ഥലമാണ് ഉത്തമം. ഇത്തരം സ്ഥലം ലഭ്യമല്ലെങ്കില്‍, സില്‍പോളിന്‍ ഷീറ്റുപയോഗിച്ചു കൃത്രിമ ജലാശയമുണ്ടാക്കണം. നമ്മുടെ നാട്ടില്‍ സെമി ഇന്റെന്‍സീവ് രീതി അതായത് രാത്രി കൂട്ടില്‍ ഇടുകയും പകല്‍സമയത്ത് തുറന്നു വിടുന്ന രീതിയാണ് അനുവര്‍ത്തിച്ചു വരുന്നത്. ഇത്തരം കൂടുകള്‍ പണിയുന്നതിന് ഒരു പക്ഷിക്ക് 0.5 ചതുരശ്ര മീറ്റര്‍ എന്ന തോതില്‍ സ്ഥലം കണക്കാക്കണം. നേരിട്ടുള്ള ചൂടില്‍ നിന്നുള്ള പ്രയാസം ഒഴിവാക്കുവാന്‍ തുറന്നു വിടുന്ന സ്ഥലത്ത് തണല്‍ മരങ്ങളും പുല്ലും വച്ചു പിടിപ്പിക്കണം. മുട്ടയിടുന്നതിനു മുമ്പ്് കൂടുണ്ടാക്കുന്ന സഭാവമുള്ളതിനാല്‍ വൈക്കോലോ, ഉണക്ക പുല്ലോ ഇട്ട് കൊടുക്കേണ്ടതാണ്.

ഭക്ഷണക്രമം

വാത്തകള്‍ക്ക് പുല്ലിലെ സെല്ലുലോസ് ദഹിപ്പിക്കുവാന്‍ പ്രത്യേക കഴിവുള്ളതിനാല്‍ അവ പുല്ലും വെള്ളത്തില്‍ വളരുന്ന ചെടികളും പയര്‍ വര്‍ഗങ്ങളും ഇഷ്ടപ്പെടുന്നു. പെട്ടെന്നു വളരുന്നതിനാല്‍ ഇവക്ക് തീറ്റയില്‍ കൂടുതല്‍ മാംസ്യവും ഊര്‍ജവും ആവശ്യമാണ്. അതു കൊണ്ട് വാത്തകുഞ്ഞുങ്ങള്‍ക്ക് ബ്രോയിലര്‍ സ്റ്റാര്‍ട്ടര്‍ തീറ്റ കൊടുക്കാം. മൂന്ന് ആഴ്ച്ച കഴിഞ്ഞാല്‍ മുട്ട കോഴിക്കുള്ള ഗ്രോവര്‍ തീറ്റ നല്‍കിത്തുടങ്ങാം. പൂര്‍ണ വളര്‍ച്ചയെത്തിയ വാത്ത ശരാശരി ഒരു ദിവസം 500 – 550 ഗ്രാം തീറ്റ തിന്നും. പുല്ലും അടുക്കള അവശിഷ്ടങ്ങളും കൊടുക്കുകയാണെങ്കില്‍ സമീകൃത തീറ്റച്ചെലവ് വളരെ കുറക്കാന്‍ സാധിക്കും. തീറ്റ അല്‍പ്പം നനച്ചു കൊടുക്കുന്നതാണ് ഉത്തമം. തീറ്റയോടൊപ്പം കക്ക, ചിപ്പി, എന്നിവയും നല്‍കേണ്ടതാണ്. കക്ക, ചുണ്ണാമ്പ് കല്ല് എന്നിവ കാല്‍സ്യത്തിന്റെയും ഫോസ്ഫറസിന്റെയും ലഭ്യത ഉറപ്പ് വരുത്തുന്നു. മുട്ടയിടുന്ന പിടകള്‍ക്ക് നിര്‍ബന്ധമായും മുകളില്‍ പറഞ്ഞ തീറ്റവസ്തുക്കള്‍ ധാരാളമായി നല്‍കണം. തീറ്റയോടൊപ്പം കുടിക്കാനുള്ള ശുദ്ധ ജലവും യഥേഷ്ടം ലഭ്യമാക്കണം.

പ്രത്യുത്പാദനം

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയാണ് ബ്രീഡിങ് സീസണ്‍. ഇതിന് രണ്ട് മാസം മുമ്പ് തന്നെ അവ ഇണകളെ തെരഞ്ഞെടുക്കുന്നു. ഡിസംമ്പറാകുമ്പോഴേക്കും പുവ്വനെയും പിടയെയും ഒരുമിച്ചിടണം. ഉയര്‍ന്ന പ്രത്യത്പാദനക്ഷമതയുള്ള മുട്ട ഉല്‍പ്പാദിപ്പിക്കാന്‍ അഞ്ച് പിടകള്‍ക്ക് ഒരു പൂവന്‍ എന്ന തോത് നിലനിര്‍ത്തണം. മുട്ടയുല്പാദിപ്പിക്കുന്ന കൂട്ടില്‍, അറക്കപ്പൊടി, ചിന്തേര് എന്നിവ ആറ് സെന്റിമീറ്റര്‍ കനത്തിലിട്ടിരിക്കണം. ഇത് കൂടാതെ വൈക്കോലോ ഉണക്കപ്പുല്ലോ ഇട്ട് കൊടുക്കാം. ഇവ ആഴ്ച്ചയിലൊരിക്കല്‍ മാറ്റി പുതുക്കുകയോ അര സെ. മീ വീതം മുളകില്‍ ഇട്ട് കൊണ്ടിരിക്കുകയോ ചെയ്യാം. മുട്ടത്തോടിലുള്ള സൂക്ഷ്മ സുഷിരങ്ങള്‍ കോഴിമുട്ടയേക്കാള്‍ വലുതായതിനാല്‍ വൃത്തികെട്ട കൂടുകളില്‍ മുട്ടക്കുള്ളില്‍ അണുബാധയ്ക്ക് സാധ്യത കൂടുതലുണ്ട്. അടവെക്കുന്നതിന് മുന്‍പ് രണ്ടാഴ്ച്ച് വരെ മുട്ട ശീതികരിച്ചു കേടുകൂടാതെ സൂക്ഷിക്കാം.

മുട്ട വിരിയിക്കല്‍

അടവെച്ച മുട്ട വിരിയാന്‍ 28 മുതല്‍ 30 ദിവസം വരെ വേണ്ടിവരും. ഒരു വാത്ത 10-12 മുട്ടക്ക് വരെ അടയിരിക്കും. കോഴി, ടര്‍ക്കി എന്നിവയെയും അടവെക്കാന്‍ ഉപയോഗിക്കാം. അടിയിരിക്കുമ്പോഴും വെള്ളത്തിലിറങ്ങി ഇരതേടി തിരിച്ച് വരുമ്പോഴുള്ള നനവിന്റെ പ്രതീതിയുണ്ടാക്കാന്‍ മുട്ടയിലേക്ക് ഇടക്ക് വെള്ളം തളിക്കേണ്ടതാണ്. മുട്ട ദിവസത്തില്‍ രണ്ട് മൂന്ന് തവണ 180 ഡിഗ്രി തിരിച്ച് വെക്കുന്നത് നല്ലതാണ്. ഇന്‍കുബേറ്ററില്‍ വെച്ചും മുട്ട വിരിയിക്കാം. ഇതിനായി 27 ദിവസം വരെ സെറ്ററിലും ബാക്കി ദിവസം ഹാച്ചറിലും വെക്കണം. സെറ്ററില്‍ 37.7 ഡിഗ്രി സെല്‍ഷ്യസ് ചൂടും 50-55 ശതമാനം ഈര്‍പ്പവും നിലനിര്‍ത്തണം. മുട്ട വിരിയുന്നതിന് ഹാച്ചറില്‍ 37.5 ഡിഗ്രി സെല്‍ഷ്യസ് ചൂടും 75 ശതമാനം ഈര്‍പ്പവും നിലനിര്‍ത്തണം.

ബ്രൂഡിങ്

ജനന ദിവസം മുതല്‍ മൂന്നാഴ്ച്ച വരെ കൃത്രിമമായ ചൂട് കൊടുക്കുന്നതിനെയാണ് ബ്രൂഡിങ് എന്ന പറയുന്നത്. ആദ്യ ആഴ്ച്ച 31-34 ഡിഗ്രി സെല്‍ഷ്യസ് ചൂടും, രണ്ടാഴ്ചയുടെ പകുതി മുതല്‍ 27 ഡിഗ്രി സെല്‍ഷ്യസ് ചൂടും, മൂന്നാം ആഴ്ച്ച 24 ഡിഗ്രി സെല്‍ഷ്യസ് ചൂടും കുഞ്ഞുങ്ങള്‍ക്ക് ലഭിക്കണം. ഓരോ കുഞ്ഞുങ്ങള്‍ക്കും 10 ചതുരശ്ര സെന്റ്റി മീറ്റര്‍ വീതം ബ്രൂഡിങ് സഥലം ലഭ്യമാക്കണം. കുഞ്ഞുങ്ങള്‍ക്ക് ആദ്യ ആഴ്ച്ച ഒരു 100 വാട്ട് ബള്‍ബിട്ട് കൊടുക്കുകയും പിന്നിട്ടത് ഉയര്‍ത്തികൊണ്ടുവന്ന് ചൂട് ക്രമീകരിക്കുകയും ചെയ്യാം. ജനിച്ച് 24 മണിക്കൂറിന് ശേഷം തീറ്റ നല്‍കി തുടങ്ങണം. തറയില്‍ അറക്കപ്പൊടി വിതറി തെന്നല്‍ ഒഴിവാക്കിയില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ കാല്‍ വളഞ്ഞ് പോകാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം വിറ്റാമിന്‍ മിനറല്‍ മിശ്രിതവും നല്‍കിത്തുടങ്ങണം. അല്‍പ്പം സ്ഥലമുള്ള ആര്‍ക്കും അധികം മുതല്‍ മുടക്കില്ലാതെ തുടങ്ങാവുന്ന ഒരു സംരംഭമാണ് വാത്ത വളര്‍ത്തല്‍. ഇറച്ചിയില്‍ നിന്നും മുട്ടയില്‍ നിന്നുമുള്ള അധികവരുമാനത്തിനപ്പുറം മാനസികോല്ലാസത്തിലേക്കുള്ള എളുപ്പ വഴിയാണ് വാത്ത വളര്‍ത്തല്‍. ഇതുകൂടാതെ വളര്‍ത്തുന്ന വീടിന്റെയും വീട്ടുകാരുടെയും സംരക്ഷകരും കാവല്‍ക്കാരുമാകും ആഴകാര്‍ന്ന വാത്തകള്‍.

Back to top button
error: